കണ്ണൂരിൽ നിന്ന് കേരള നിയമസഭയുടെ സ്പീക്കറാകുന്ന ആദ്യ സി.പി.എം നേതാവാണ് എ.എൻ. ഷംസീർ. 1977 മെയ് 24ന് ഉസ്മാന്‍ കോമത്ത്-എ.എൻ. സറീന ദമ്പതികളുടെ മകനായാണ് ഷംസീറിന്‍റെ ജനനം. തലശ്ശേരി ബി.ഇ.എം.ബി. സ്കൂളിലെ പഠനകാലത്ത് എസ്.എഫ്.ഐ രാഷ്ട്രീയത്തിൽ സജീവ പ്രവർത്തകനായി.
ബ്രണ്ണൻ കോളജിൽ നിന്ന് ഫിലോസഫിയിൽ ബിരുദവും കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് എൽ.എൽ.ബിയും എൽ.എൽ.എമ്മും പൂർത്തിയാക്കിയത്.
ബ്രണ്ണൻ കോളജിലെ യൂണിയൻ ചെയർമാനും 1998ൽ കണ്ണൂർ സർവകലാശാല യൂണിയൻ പ്രഥമ ചെയർമാനുമായി. 2003ൽ എസ്.എഫ്.ഐ കണ്ണൂർ ജില്ല പ്രസിഡന്റ്, സെക്രട്ടറി, 2008ൽ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്‍റ് എന്നീ പദവികളിൽ പ്രവർത്തിച്ചു.
2016ൽ സി.പി.എം ശക്തി കേന്ദ്രമായ തലശ്ശേരി മണ്ഡലത്തിൽ നിന്ന് രാഷ്ട്രീയ ഗുരു കോടിയേരി ബാലകൃഷ്ണന്‍റെ പിൻഗാമിയായി എ.എൻ. ഷംസീർ നിയമസഭയിലേക്ക് കന്നി വിജയം നേടി. മുൻ ഡി.വൈ.എഫ്.ഐ നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ എ.പി. അബ്ദുല്ലക്കുട്ടിയെയാണ് വാശിയേറിയ പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്.
2021ൽ കോൺഗ്രസിലെ എം.പി. അരവിന്ദാക്ഷനെ പരാജയപ്പെടുത്തി രണ്ടാംവട്ടവും എം.എൽ.എയായി. 2014ലെ വടകര ലോക്സഭ മണ്ഡലത്തിലെ കന്നി മത്സരത്തിൽ കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനോട് ഷംസീർ പരാജയപ്പെട്ടിരുന്നു.
നിലവിൽ സി.പി.എം സംസ്ഥാന സമിതിയംഗമാണ്. മലബാർ കാൻസർ സെന്‍ററിലെ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ വർക്കിങ് ചെയർമാനും തലശ്ശേരി കോ-ഓപറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്‍റും തലശ്ശേരി കേന്ദ്രമായ അഡ്വ. ഒ.വി. അബ്ദുല്ല ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയുമാണ് ഷംസീർ. ഡോ. സഹലയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.