തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരിയെ അതിരൂക്ഷമായി വിമർശിച്ചും ആക്ഷേപിച്ചും സി.പി.എം സംസ്ഥാന സെക്രേട്ടറിറ്റംഗം ആനത്തലവട്ടം ആനന്ദൻ. തച്ചങ്കരിയെ മാറ്റാൻ തങ്ങൾ സർക്കാറിനോട് ആവശ്യപ്പെടില്ലെന്നും പണിമടുത്ത് അയാൾ ഇറങ്ങിപ്പോണമെന്നും ആനത്തലവട്ടം തുറന്നടിച്ചു. അദ്ദേഹത്തിെൻറ ഉത്തരവുകൾക്ക് പട്ടിയുടെ വില പോലും തൊഴിലാളികൾ കൽപിക്കുന്നില്ല. തൊഴിലാളികളെക്കുറിച്ച് തച്ചങ്കരിക്ക് കൃത്യമായി അറിയില്ല. തൊഴിലാളികൾ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്ന് തച്ചങ്കരി ജനിച്ചിട്ടില്ല.
തനിക്ക് എല്ലാ പണിയും അറിയാമെന്നാണ് പറയുന്നത്. തച്ചങ്കരിയെ ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനാക്കാതിരുന്നത് ഭാഗ്യം. അങ്ങനെയായിരുന്നെങ്കിൽ അദ്ദേഹം ചെത്തുകാരെപ്പോലെ തേറും കുടുക്കയുമെടുത്ത് തെങ്ങിൽ കയറിയേനെ. തച്ചങ്കരിയുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഭരണപക്ഷ-പ്രതിപക്ഷ ട്രേഡ് യൂനിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചീഫ് ഒാഫിസിനു മുന്നിൽ നടത്തിയ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളി യൂനിയനുകളെ അടിച്ചമർത്താനാണ് തച്ചങ്കരി ശ്രമിക്കുന്നത്. മാസവരി പിരിക്കുന്നത് തടയാൻ ശ്രമിച്ചു. സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കാൻ ഉത്തരവിറക്കി. കെ.എസ്.ആർ.ടി.സിയെ സ്വകാര്യവത്കരിക്കാനുള്ള കോർപേററ്റ് ഏജൻസിപ്പണിയാണ് തച്ചങ്കരി ചെയ്യുന്നത്. സർക്കാർ നയമാകണം എം.ഡി നടപ്പാക്കേണ്ടത്. മുദ്രാവാക്യം വിളിക്കാനും സമരം ചെയ്യാനും പാടില്ല എന്നൊന്നും സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. മുതലാളികളുടെ ബസ് വാടകക്കെടുത്ത് അവര്‍ക്ക് ലാഭമുണ്ടാക്കാനുള്ള പണി കെ.എസ്.ആര്.ടി.സിയുടേതല്ല. യൂനിയനുകളാണ് കെ.എസ.്ആര്‍.ടി.സിയുടെ പ്രതിസന്ധിക്ക് കാരണമെന്ന വാദം ശരിയെല്ലന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.