പട്ടിക്കാട്: സുഹൃത്തിന്റെ മരണമറിഞ്ഞ് നാട്ടിലെത്തിയവർ മടങ്ങിയത് ജീവിതത്തിൽനിന്ന്. മൂവരുടെയും മരണമുണ്ടാക്കിയ ആഘാതത്തില്‍ കൊള്ളിക്കാട്ട് ഗ്രാമം. അപകടമുണ്ടായ തിങ്കളാഴ്ച രാത്രിയിലേറെ സമയവും ഗ്രാമം ഒന്നാകെ ഡാമിന്റെ കരയിൽ കാത്തിരുന്നു. അഗ്നിരക്ഷ സേന ജീവന്റെ തുടിപ്പായി മടങ്ങിയെത്തുമെന്ന പ്രതീക്ഷ അവർ കൈവിട്ടില്ല. പെരുമഴ വകവെക്കാതെ രക്ഷപ്രവർത്തകർ തിരച്ചിൽ തുടർന്നു. രാത്രി വൈകിയും ഒരു സൂചനയും ലഭിക്കാതായതോടെ തിരച്ചിൽ അവസാനിപ്പിച്ചു. നാട്ടിൽ ട്രസ് വർക്കുകൾ ചെയ്യുന്നവരാണ് ഇവർ. മംഗലാപുരത്ത് പുതിയ ജോലി തേടി പോയിരുന്നു.
ഓണത്തിന് നാട്ടിലെത്താനായിരുന്നു പദ്ധതിയെങ്കിലും സുഹൃത്തിന്റെ ആകസ്മിക മരണത്തോടെ നേരത്തേതന്നെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ആ ചടങ്ങുകൾക്കു ശേഷം ഓണാഘോഷത്തിലും പങ്കെടുത്ത് തിരിച്ചുപോകാനിരിക്കുന്നതിനിടെയാണ് അപകടം. നാട്ടിലെ എല്ലാ പരിപാടികളിലും സജീവമായ ഇവരുടെ മരണമറിഞ്ഞ് നിരവധിപേരാണ് എത്തിയത്. മൃതദേഹവുമായി ബോട്ട് എത്തിയതോടെ ഉറ്റവരുടെ അലമുറയിട്ടുള്ള കരച്ചിലായിരുന്നു. ഉറ്റവരെ സാന്ത്വനിപ്പിക്കാൻ നാട്ടുകാർ പാടുപെട്ടു. പീച്ചിയുടെ വൃഷ്ടിപ്രദേശച്ച് വളര്‍ന്ന ഇവര്‍ക്ക് വെള്ളവും വള്ളവും സുപരിചിതമാണ്. അതിനാൽതന്നെ മൂവരും രക്ഷപ്പെട്ടിരിക്കാമെന്ന് അവസാന നിമഷംവരെയും നാട്ടുകാർ വിശ്വസിച്ചു.
ഫൈബര്‍ വഞ്ചി തുഴയുന്നതിനിടെ ഒരുനിമിഷത്തെ പിഴവാണ് വള്ളം മറിയാന്‍ ഇടയാക്കിയതും മൂന്നുപേരുടെ ജീവന് അപഹരിച്ചതും. കൺമുന്നിൽ സുഹൃത്തുക്കൾ താഴ്ന്നുപോകുന്നത് കണ്ട് നിസ്സഹായനാകാനേ മണിയൻകിണർ സ്വദേശി ശിവപ്രസാദിന് കഴിഞ്ഞുള്ളൂ. അപകടത്തിന്റെ ഞെട്ടലിൽനിന്ന് ഇയാളും മുക്തനായിട്ടില്ല. വഞ്ചി മറിയുന്നത് കണ്ട് ശിവപ്രസാദ് അപകടം മനസ്സിലാക്കിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതുമൂലം പുറംലോകം അറിയുന്നതിനും രക്ഷപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും സമയമെടുത്തു. ബുധനാഴ്ച രാവിലെ എട്ടിന് കൊള്ളിക്കാട് മൃതദേഹങ്ങള്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനത്തിനുവെച്ച ശേഷം സംസ്കാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.