കൊച്ചി: പദ്ധതി നടത്തിപ്പിൽ അനിശ്ചിതത്വം തുടരുമ്പോൾ അങ്കമാലി-ശബരി റെയിൽ പദ്ധതി മേഖലയിൽ വരുന്ന ഭൂവുടമകൾ കാൽനൂറ്റാണ്ടിലേറെയായി ദുരിതത്തിൽ. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനം സഹകരിക്കുന്നില്ലെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവനയും, അത് ഖണ്ഡിച്ച് മുഖ്യമന്ത്രിയുടെ മറുപടിയുമാണ് ഇടവേളക്കുശേഷം പദ്ധതി വീണ്ടും ചർച്ചയാകാൻ കാരണം. കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും പദ്ധതി എങ്ങുമെത്താത്തതാണ് ഭൂ ഉടമകളെ പ്രതിസന്ധിയിലാക്കുന്നത്.
1995-96ലെ റെയിൽവേ ബജറ്റിൽ വിഭാവനംചെയ്ത് തൊട്ടടുത്ത വർഷം പ്രാഥമിക സർവേ നടത്തിയതിന് പിന്നാലെ നിർമാണവും ആരംഭിച്ചു. കാലടിയിൽ റെയിൽവേ സ്റ്റേഷനും പെരിയാറിന് കുറുകേ ഒരുകിലോമീറ്റർ നീളമുള്ള പാലവും നിർമിച്ചു. 2022ൽ അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കി.മീ. പ്രദേശത്ത് സ്ഥലം ഏറ്റെടുക്കാൻ സർവേ നടത്തി. എറണാകുളം ജില്ലയിലിത് പൂർത്തിയായി. കോട്ടയം ജില്ലയിൽ ഇതിനെതിരെ ചിലർ നിയമ നടപടികൾ ആരംഭിച്ചതോടെ പദ്ധതി നിലച്ചു.
നിലവിൽ 17 വില്ലേജുകളിൽ ഭൂമിയേറ്റെടുക്കാനായി രണ്ട് പതിറ്റാണ്ട് മുമ്പ് 25 ഹെക്ടർ സ്ഥലം അളന്നുതിരിച്ച് റെയിൽവേ കല്ലിട്ടു. ഇതോടെ ഈ സ്ഥലം വിൽക്കാനോ കൈമാറ്റം ചെയ്യാനോ കഴിയാത്ത അവസ്ഥയിലാണ് ഭൂവുടമകൾ. ഉടമകളിൽ പലരും മരിച്ചെങ്കിലും പദ്ധതിയിൽ അന്തിമ തീരുമാനമാകാത്തത് മറ്റുള്ളവരെയും ദുരിതത്തിലാക്കുകയാണ്. ഈ ഭൂമി ഈടുവെച്ച് ബാങ്കുകൾ വായ്പ നൽകില്ല.
2019ൽ തുടർ പ്രവർത്തനങ്ങൾ മരവിപ്പിച്ചിരുന്നു. എന്നാൽ, പദ്ധതിത്തുകയുടെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിർദേശം സംസ്ഥാന സർക്കാർ അംഗീകരിക്കുകയും 2021 ബജറ്റിൽ കിഫ്ബി വഴി 2000 കോടി മാറ്റിവെക്കുകയും ചെയ്തു. ഇതോടെ മുടങ്ങിക്കിടന്ന പദ്ധതിക്ക് വീണ്ടും ജീവൻവെച്ചു.
ഇതിനുപിന്നാലെ 2023ലെ കേന്ദ്ര ബജറ്റിൽ 100 കോടി രൂപ അനുവദിച്ചതോടെ പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീതിയായി. ഇത് ഭൂവുടമകൾക്കടക്കം ആശ്വാസമേകിയിരുന്നു. എന്നാൽ, പദ്ധതിത്തുകയിലെ പങ്കാളിത്തം സംബന്ധിച്ച കേന്ദ്ര-സംസ്ഥാന തർക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.