മിനിമം വേതനവർധന ഉൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യൻ നാഷനൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ അംഗൻവാടി ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സംസാരിക്കുന്നു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രി വി.എസ്. ശിവകുമാർ,
എം. ലിജു തുടങ്ങിയവർ സമീപം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ത്യൻ നാഷനൽ അംഗൻവാടി എംപ്പോയീസ് ഫെഡറേഷൻ -ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല രാപ്പകൽ സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വീണാ ജോർജ് എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് 13-ാം ദിവസം സമരം നിർത്തിയത്. ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഇതേക്കുറിച്ച് പഠിച്ച് തീരുമാനമെടുക്കാൻ സമിതിയെ നിയോഗിക്കാമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
മന്ത്രിയുമായി വ്യാഴാഴ്ച നടന്ന ചർച്ചയുടെ മിനിട്സ് ശനിയാഴ്ചയാണ് ലഭിച്ചത്. മൂന്നുമാസത്തിനകം തീരുമാനമെടുക്കാമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. അനുകൂല തീരുമാനമുണ്ടായെങ്കിൽ അതിന് ശേഷം സമരം പുനരരാരംഭിക്കാനുമുള്ള തീരുമാനത്തിലാണ് സമരസമിതി.
മിനിമം വേതനം 21,000 രൂപയാക്കുക, ഉത്സവ ബത്ത 1200ല്‍ നിന്നും 5000 രൂപയായി വര്‍ധിപ്പിക്കുക, മെച്ചപ്പെട്ട ഫോണുകള്‍ വിതരണം ചെയ്യുക, ഇ.എസ്.ഐ ആനുകൂല്യം നടപ്പാക്കുക, ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം ആരംഭിച്ചത്. നിലവില്‍ അംഗൻവാടി വര്‍ക്കര്‍ക്ക് 12,500 രൂപയും ഹെല്‍പര്‍ക്ക് 8,750 രൂപയുമാണ് ലഭിക്കുന്നത്.
2016ലാണ് അവസാനമായി ഓണറേറിയം വര്‍ധിപ്പിച്ചത്. 2021ലെ ബജറ്റില്‍ 1000 രൂപയുടേയും 500 രൂപയുടെയും വര്‍ധനവ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. വേതനം പലഘട്ടങ്ങളായി വിതരണം ചെയ്യുന്നതിന് പകരം ഒറ്റതവണയായി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ കേന്ദ്രവിഹിതം, സംസ്ഥാന വിഹിതം, തദ്ദേശസ്വയംഭരണ സ്ഥാപന വിഹിതം എന്നിങ്ങനെ പല ഘട്ടങ്ങളായി ആണ് ഓണറേറിയം വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.