കോഴിക്കോട്: മുസ്ലിം ലീഗിെൻറ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന അധ്യക്ഷനെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് മുന്നിൽ എത്തിച്ച സംഭവത്തിൽ അദ്ദേഹത്തിെൻറ കുടുംബവും പാർട്ടി പ്രവർത്തകരും നേരിടുന്ന ആത്മസംഘർഷത്തിെൻറ നേർക്കാഴ്ചയാണ് മകൻ മുഈനലി തങ്ങളുടെ തുറന്നു പറച്ചിലിലൂടെ വെളിപ്പെട്ടത്. കഴിഞ്ഞാഴ്ച കോഴിക്കോട് നടന്ന ലീഗ് സംസ്ഥാന ഭാരവാഹികളുടെയും നിയമസഭ പാർട്ടിയുടെയും യോഗത്തിൽ വിഷയം ചില നേതാക്കൾ ഉയർത്തിയപ്പോൾ ഹൈദരലി തങ്ങളെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വിവാദം കെട്ടടക്കുകയായിരുന്നു. 'ഞങ്ങളൊക്കെ ഇവിടെ നിൽക്കുേമ്പാൾ അങ്ങനെയൊന്നും സംഭവിക്കില്ലെന്നും' വ്യക്തമാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ഇ.ഡി വീണ്ടും ഹൈദരലി തങ്ങൾക്ക് നോട്ടീസ് നൽകിയത് പാർട്ടി വേദികളിൽ കടുത്ത അമർഷമുണ്ടാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് മുഈനലി തങ്ങളുടെ വികാരപ്രകടനം. ഉടൻ ചേരാനിരിക്കുന്ന പ്രവർത്തകസമിതി യോഗത്തിൽ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്കൊപ്പം ഇതും വിഷയമാകുമെന്ന് ഉറപ്പായി.
പ്രശ്നത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെയും മുൻ മന്ത്രി ഇബ്രാഹീം കുഞ്ഞിനെയുമാണ് ഒരുവിഭാഗം നേതാക്കൾ പ്രതിക്കൂട്ടിലേറ്റുന്നത്. നോട്ട് നിരോധന കാലത്തെ 'പാർട്ടി ഫണ്ട്' സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്തതാണ് വിനയായതെന്ന് ഒരു ഉന്നത നേതാവ് 'മാധ്യമ'ത്തോട് പറഞ്ഞു. പാർട്ടി സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിച്ചപ്പോൾ വീട് പണയപ്പെടുത്തി വായ്പ എടുത്ത ബാഫഖി തങ്ങളുടെ ചരിത്രം പറയുേമ്പാൾതന്നെ നിലവിലെ നേതൃത്വത്തിൽനിന്ന് ഇത്തരം നീക്കങ്ങളുണ്ടാകുന്നത് പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്നതാണ്. പ്രവർത്തകർ വികാരമായി നെഞ്ചേറ്റുന്ന ചന്ദ്രിക പത്രത്തെ ഇത്തരത്തിൽ ഉപയോഗപ്പെടുത്തിയത് പൊറുപ്പിക്കാനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പത്രത്തെ വലിച്ചിഴച്ചതിലൂടെയാണ് മുസ്ലിം പ്രിൻറിങ് ആൻഡ് പബ്ലിഷിങ് ലിമിറ്റഡ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമെന്ന നിലയിൽ ഹൈദരലി തങ്ങളിലേക്ക് അന്വേഷണം എത്തിയത്. പാർട്ടി സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്ന വാദത്തിന് അടിവരയിടുന്നതാണ് സംഭവമെന്നും മറ്റൊരു നേതാവ് വ്യക്തമാക്കി. ഫണ്ടുകൾ ചില വ്യക്തികൾ മാത്രം ക്രയവിക്രയം ചെയ്യുന്നതാണ് പ്രശ്നത്തിെൻറ കാതൽ. ഇതിന് കൃത്യതയും സുതാര്യതയുമുണ്ടാകണമെന്ന ആവശ്യം പ്രവർത്തകസമിതിയിൽ ശക്തമായി ഉന്നയിക്കാനാണ് ശ്രമം. കുഞ്ഞാലിക്കുട്ടിയുടെ മകനെതിരായ കെ.ടി. ജലീൽ എം.എൽ.എയുടെ ആരോപണങ്ങളെ നേതാക്കൾ ഗൗരവത്തിലെടുക്കുന്നില്ല.
അതേസമയം, പത്രത്തെയും പാർട്ടി അധ്യക്ഷനെയും പണമിടപാടുകൾക്ക് കരുവാക്കിയത് ഗൗരവമുള്ളതാണ്. ഇബ്രാഹീം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ നടന്ന പല ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും മുഖ്യമന്ത്രിയുടെ കൈയിലുള്ളതിനാൽ സർക്കാറിനും സി.പി.എമ്മിനും എതിരായ പല പരിപാടികളിലും വെള്ളം ചേർത്ത അവസ്ഥയാണുണ്ടാകുന്നതെന്ന ആരോപണവും അവർ ഉയർത്തുന്നു. മുഈനലി തങ്ങളുടെ കുഞ്ഞാലിക്കുട്ടിക്കെതിരായ തുറന്നുപറച്ചിൽ എതിർവിഭാഗത്തിെൻറ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.