കോഴിക്കോട്: ‘‘എനിക്ക് ജീവനുണ്ടെങ്കിൽ അർജുന്റെ ശരീരം വീട്ടിലെത്തിക്കും’’ -മകനെ കാണാത്തതിനാൽ ഒരുമാസത്തിലധികമായി ഹൃദയംനുറുങ്ങുന്ന വേദനയിലും കണ്ണീരിലും കഴിയുന്ന മാതാവിന് ആശ്വാസമേകി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ ഉറപ്പ്. ഷിരൂരിലെ ഗംഗാവാലി പുഴയിൽ ചുഴിയും കുത്തൊഴുക്കും നിലച്ചിട്ട് ആഴ്ചകളായെങ്കിലും അർജുന്റെ മാതാവിന്റെ വേദനയകറ്റാൻ പ്രതീക്ഷനൽകുന്ന വാക്കുകളോ പ്രവൃത്തികളോ ഇതുവരെയുമുണ്ടായിരുന്നില്ല. അതിനാൽ, വേദനക്കയത്തിൽ മുങ്ങി മനസ്സ് കലങ്ങിയ നിലയിലായിരുന്നു ആ അമ്മ.
എല്ലാം ഉള്ളിലൊതുക്കി കഴിയുന്ന വേളയിലാണ് സ്നേഹസ്പർശവുമായി ഈശ്വർ മാൽപെ വീട്ടിലെത്തിയത്. കഴിഞ്ഞ 28 ദിവസമായി അർജുനെ കണ്ടെത്താൻ വേണ്ടി ഷിരൂരിൽ തന്റെ കുടുംബത്തെപോലും ഉപേക്ഷിച്ച് തിരച്ചിൽ നടത്തുന്ന ഈശ്വർ മാൽപെ, മൃതദേഹമാണെങ്കിൽപോലും അത് വീട്ടിലെത്തിക്കുമെന്ന ഉറപ്പുനൽകിയത് മാതാവ് ഷീലക്ക് മറ്റെന്തിനെക്കാളേറെ ആശ്വാസമായി. വീട്ടിലെത്തിയ ഈശ്വർ മാതാവിനെ മുറിക്കകത്തേക്ക് കൊണ്ടുപോയി കട്ടിലിലിരുത്തി കാൽതൊട്ട് വന്ദിച്ചശേഷം കാൽക്കീഴിൽ നിലത്തിരുന്ന് കാര്യങ്ങളെല്ലാം വിശദീകരിച്ചു. തന്റെ മാതാവ് മരിച്ച് രണ്ടാം നാളാണ് അർജുനുവേണ്ടി തിരച്ചിലിനുപോയതെന്നും അന്നുതൊട്ടു ഇന്നുവരെ ആ ശ്രമം അവസാനിപ്പിച്ചിട്ടില്ലെന്നും ഈശ്വർ പറഞ്ഞു. സുഖമില്ലാത്ത തന്റെ മക്കളെപ്പോലും പരിഗണിക്കാതെ വീടുപേക്ഷിച്ച് ശ്രമം നടത്തുന്നതിന് ഫലം ഉണ്ടാകുമെന്നും അർജുന്റെ ശരീരം വീട്ടിലെത്തിച്ചേ താൻ മടങ്ങൂ എന്നും മാതാവിന്റെ കൈപിടിച്ച് ഉറപ്പുകൊടുത്തു. സംഭവങ്ങൾ വിശദീകരിക്കുന്നതിനിടെ ഈശ്വർ മാൽപെ പലതവണ വിങ്ങിപ്പൊട്ടി കണ്ണീർ തുടച്ചു. ‘‘കണ്ടിപ്പേ, കണ്ടെത്തും അമ്മാ...നിങ്ങളുടെ മകനെ പോലെയാണ് ഞങ്ങളെല്ലാവരും. അർജുനെ കൊണ്ടുവരുമെന്ന് ശപഥമെടുത്തിട്ടുണ്ട്. ആയിരത്തിലേറെ ശരീരങ്ങൾ വെള്ളത്തിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതും കണ്ടെത്തും, ഉറപ്പാ. അവിടെ സ്വതന്ത്രമായി ജോലി ചെയ്യാനൊരു അവസ്ഥ ഉണ്ടാക്കിത്തരാൻ കേരള സർക്കാറിനോട് പറയണം. വീട്ടിൽനിന്നും ഇറങ്ങുന്ന സമയത്ത് അർജുനെ കിട്ടിയിട്ടേ തിരിച്ചുവരൂ എന്നു പറഞ്ഞിട്ടുണ്ട്. അർജുൻ ഉള്ള സ്ഥലം മനസ്സിലായിട്ടുണ്ട്. അവിടെ ഒരുപാട് മണ്ണ് ഉണ്ട്. മെഷീൻ ഉപയോഗിച്ച് മണ്ണ് നീക്കണം. മണിക്കൂറുകളോളം ആ മണ്ണ് കൈകൊണ്ട് നീക്കിനോക്കി. ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഫലം ഉറപ്പാണ്’’ -രക്ഷകന്റെ ഹൃദയംതൊട്ട വാക്കുകൾ മതിയായിരുന്നു അർജുന്റെ മാതാവിന്റെ മനസ്സിന്റെ കലക്കങ്ങൾ തെളിയാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.