പാലക്കാട്: പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച എ.വി. ഗോപിനാഥിനോട് പാർട്ടിയിൽ തുടരാൻ ആവശ്യപ്പെട്ടും പാർട്ടി വിട്ടാൽ പിണറായി വിജയന്‍റെ എച്ചിലെടുത്ത് കഴിയേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയും കോൺഗ്രസ് നേതാവ് അനിൽ അക്കര. 'ഒന്നുകിൽ ഞങ്ങളുടെയൊക്കെ ഗോപിയേട്ടനായി ഇവിടെ രാജാവായി വാഴാം. അല്ലെങ്കിൽ പിണറായിയുടെ പാര്യമ്പുറത്തെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടകാലം കഴിയാം.' -തല്ലിയും തലോടിയുമുള്ള ഫേസ്ബുക് പോസ്റ്റിൽ അനിൽ അക്കര പറഞ്ഞു.
'സ്നേഹം നിറഞ്ഞ ഗോപിയേട്ടാ' എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റിൽ പാർട്ടി നൽകിയ പദവികളെ കുറിച്ച് പറയുന്നു. നിങ്ങളെപ്പോലുള്ള ജനപിന്തുണയുള്ള നേതാക്കൾ എന്തിനാണ് സ്ഥാനമാനങ്ങൾക്ക് പിറകെ ഓടുന്നത്? പെരുങ്ങോട്ടുക്കുറിശ്ശിക്കാർ നിങ്ങളെ ആ നാട്ടിലെ രാജാവാക്കിയത്, പാലക്കാട് ഡി.സി.സി പ്രസിഡന്‍റ് പദവിയിൽ വീണ്ടും വീണ്ടും അവരോധിക്കാനല്ല, കോൺഗ്രസുകാരനായ ഗോപിയെ അങ്ങനെ കാണാനാണ് ഞങ്ങൾ പുതിയ തലമുറ ആഗ്രഹിക്കുന്നത്.
നിങ്ങൾ വഹിക്കാത്ത ഏത് പദവിയാണ് ഇനിയുള്ളത്. പെരുങ്ങോട്ടുക്കുറിശ്ശി ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്‍റ്, ബാങ്ക് പ്രസിഡന്‍റ് പദവികൾ, അവിടെ നിങ്ങൾക്ക് പകരം ആരെങ്കിലും ചോദിച്ചു വന്നിട്ടുണ്ടോ? അല്ലെങ്കിൽ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ?
ആദ്യം ഈ പദവികൾ കൈമാറി മാതൃക കാണിച്ചാൽ ഞാൻ നിങ്ങളുടെകൂടെ, അല്ലെങ്കിലും ഗോപിയേട്ടനെ ഞാൻ ഇഷ്ടപ്പെടും. നിങ്ങൾക്ക് പകരം വെയ്ക്കാൻ പാലക്കാട് കോൺഗ്രസിൽ അല്ല പാലക്കാട് മാറ്റാളില്ല. പക്ഷെ നിങ്ങൾ കോൺഗ്രസിൽ നിന്ന് പോയാൽ അല്പം സമയമെടുത്താലും പെരുങ്ങോട്ടുക്കുറിശ്ശിയിൽ മറ്റൊരാളുവരും. അത് കാലത്തിന്‍റെ ശീലമാണ്.
നിങ്ങൾക്ക് പുതിയ മേച്ചിൽ പുറം തേടിപ്പോകാം. അല്ലെങ്കിൽ ഞങ്ങളുടെയൊക്കെ ഗോപിയേട്ടനായി ഇവിടെ രാജാവായി വാഴാം. അതല്ലെങ്കിൽ, പിണറായിയുടെ പാര്യമ്പുറത്തെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടകാലം കഴിയാം. ഒരു വാക്ക്, ഈ പാർട്ടിയോടും നിങ്ങളെ നിങ്ങളാക്കിയ പെരുങ്ങോട്ടുക്കുറിശ്ശിക്കാരോടും സ്നേഹമുണ്ടെങ്കിൽ ഇവിടെ മംഗലശ്ശേരി നീലകണ്ഠനായി വാഴണം -അനിൽ അക്കര ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.