വാർഷിക പദ്ധതി: ഒരു മാസം ബാക്കി; ചെലവിടാൻ 10,000 കോടി

തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ ഒരുമാസം മാത്രം ശേഷിക്കെ വാർഷിക പദ്ധതിയിൽ ചെലവിടേണ്ടത് 10000 കോടി രൂപ. 11 മാസം കൊണ്ട് വിനിയോഗം 63 ശതമാനമെത്തിക്കാനേ ധനവകുപ്പിനായുള്ളൂ. കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടമെടുപ്പ് പരിധി കഴിഞ്ഞതും പദ്ധതി പൂർത്തീകരണത്തിന് തിരിച്ചടിയായി.

ട്രഷറിയിലേക്ക് കൂടുതൽ പണം വിവിധ മാർഗങ്ങളിലൂടെ എത്തിച്ചും പാസാക്കുന്ന ബില്ലുകളിൽ പണം നൽകുന്നത് അടുത്ത സാമ്പത്തിക വർഷത്തേക്ക് നീട്ടിയും വിനിയോഗം കുറേക്കൂടി മെച്ചപ്പെടുത്താനാണ് നീക്കം. ബജറ്റിൽ അനുവദിച്ച പണം നഷ്ടപ്പെടാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് വകുപ്പുകൾ. അടുത്ത ആഴ്ചയോടെ ബില്ലുകളുടെ കുത്തൊഴുക്കാകും ഉണ്ടാകുക.

പദ്ധതി വെട്ടിക്കുറക്കില്ലെന്ന സൂചനയാണ് ധനവകുപ്പ് വൃത്തങ്ങൾ നൽകുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി മാർച്ച് അവസാന ദിവസങ്ങളിൽ പണം പിന്നീട് നൽകാനായി ക്യൂ സമ്പ്രദായത്തിലേക്ക് മാറ്റുകയും അടുത്ത സാമ്പത്തിക വർഷം ആദ്യം നൽകുകയും ചെയ്യുന്ന രീതിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷ അവസാനം 1000 കോടിയോളം രൂപയാണ് ഇങ്ങനെ മാറ്റിയത്. അതൊക്കെ അടുത്ത വർഷത്തെ വകുപ്പുകളുടെ കണക്കിൽ വരികയും ചെയ്തു.

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ 27610 കോടി രൂപയുടേതായിരുന്നു വാർഷിക പദ്ധതി. വ്യാഴാഴ്ച വരെയുള്ള കണക്ക് പ്രകാരം 17622.09 കോടി രൂപയാണ് (63.83) വിനിയോഗം. തദ്ദേശസ്ഥാപനങ്ങളുടെ വിനിയോവും ഇക്കുറി മെച്ചപ്പെട്ടിട്ടില്ല. 7280 കോടി രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് വകയിരുത്തിയിരുന്നതിൽ പകുതി പോലും ഇതുവരെ ചെലവിടാനായിട്ടില്ല. 3581.76 കോടി രൂപയാണ് ഇതുവരെ വിനിയോഗിച്ചത്. ഇത് 49.20 ശതമാനം മാത്രമാണ്. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമുള്ള വർഷമായതിനാൽ വിനിയോഗം മെച്ചപ്പെടേണ്ട വർഷമായിരുന്നു ഇത്.

ആസൂത്രണ ബോർഡിന്‍റെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ വിനിയോഗം നടത്തിയത് നിയമസഭയാണ്. 721.07 ശതമാനമാണ് വിനിയോഗം. മരാമത്ത് വകുപ്പ് 264.52 ശതമാനവുമായി മുന്നിലുണ്ട്. ഗതാഗതവകുപ്പ് 140.68 ശതമാനവും ആരോഗ്യ വകുപ്പ് 115.92 ശതമാനവും കയർ വകുപ്പ് 98.63 ശതമാനവും ജലവിഭവം 68.57 ശതമാനവും വിനിയോഗിച്ചു. വൻകിട വ്യവസായ പദ്ധതികൾക്കായി വാർഷിക പദ്ധതിയിൽ നീക്കിവെച്ച 473 കോടിയിൽ ഒരു രൂപപോലും ഇതുവരെ ചെലവായിട്ടില്ല. മിക്ക വർഷങ്ങളിലും ഈ ഇനത്തിൽ ചെലവ് നടക്കാറില്ല.

പൊതുഭരണം 10.42 ശതമാനം, ഭവനം 16.99 ശതമാനം എന്നിവയാണ് വാർഷിക പദ്ധതിയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന വകുപ്പുകൾ. കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന 9432.91 കോടിയുടെ പദ്ധതികളിൽ 64.45 ശതമാനമേ ഇതുവരെ വിനിയോഗിക്കാനായുള്ളൂ.

Tags:    
News Summary - Annual plan: one month remaining; 10,000 crore to spend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.