വാര്‍ഷികപദ്ധതി പ്രതിസന്ധിയില്‍; വിനിയോഗം ഇത്തവണയും കടലാസിലാകും

തിരുവനന്തപുരം: കിഫ്ബിയില്‍ സര്‍വപ്രതീക്ഷയും ധനവകുപ്പ് കെട്ടിപ്പൊക്കുമ്പോഴും സംസ്ഥാനത്തിന്‍െറ വാര്‍ഷികപദ്ധതി കടുത്ത പ്രതിസന്ധിയില്‍. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ 18 ദിവസം മാത്രം ശേഷിക്കേ 12,086 കോടി രൂപയാണ് വിനിയോഗിക്കാന്‍ ബാക്കി. പദ്ധതിതുകയുടെ പകുതി പോലും ഇതുവരെ ചെലവിടാന്‍ കഴിഞ്ഞില്ല. നികുതി വരുമാനത്തിലെ കുറവും കടമെടുപ്പ്പരിധിയില്‍ കാര്യമായൊന്നും ബാക്കിയില്ലാത്തതും മൂലം സാമ്പത്തികവര്‍ഷത്തിന്‍െറ അവസാനം ഇക്കൊല്ലവും കടുത്ത ഞെരുക്കത്തിലായി. പദ്ധതി ലക്ഷ്യം കാണില്ളെന്ന് ഉറപ്പായിക്കഴിഞ്ഞു. പണം ബാക്കിയില്ലാത്തതിനാല്‍ കടലാസ് അഡ്ജസ്റ്റുമെന്‍റാകും ഇക്കുറിയും നടക്കുക. ചെലവിടാറില്ളെങ്കിലും മേനിപറയാന്‍ പദ്ധതിതുക എല്ലാവര്‍ഷവും ഉയര്‍ത്തി നിശ്ചയിക്കും. എല്ലാ സര്‍ക്കാറുകളും ഇത് ചെയ്യുന്നുണ്ട്.

ഇക്കൊല്ലം 17749.87 കോടി മാത്രമാണ് കടം വാങ്ങാന്‍ അനുമതിയുള്ളത്. ഇത് ഏറക്കുറെ വാങ്ങിക്കഴിഞ്ഞു. ഏറ്റവും ഒടുവില്‍ 1400 കോടിയുടെ കടപ്പത്രം പുറപ്പെടുവിച്ചത് കഴിഞ്ഞദിവസമാണ്. കടംവാങ്ങുന്ന പണമൊന്നും പദ്ധതിക്കായി വിനിയോഗിക്കുന്നില്ല. ശമ്പളവും പെന്‍ഷനും നല്‍കാനും മറ്റ് ദൈനംദിന ചെലവുകള്‍ക്കുമാണ് ഇത് വിനിയോഗിക്കുന്നത്. 24,000 കോടി രൂപയായിരുന്നു വാര്‍ഷികപദ്ധതി. ഇതില്‍ മാര്‍ച്ച് 12 വരെ ചെലവാക്കാനായത് വെറും 11,914.19 കോടി മാത്രമാണ്. ചെലവിടാന്‍ ബാക്കി 12,086 കോടി. ഇത് ലക്ഷ്യം കാണാനാകില്ല. വന്‍കിടപദ്ധതികള്‍ക്കായി വാര്‍ഷികപദ്ധതിയില്‍ 2302.37 കോടി വകയിരുത്തിയിരുന്നു. ഇതില്‍ ഒരു പൈസ പോലും ചെലവിടാനായില്ല. വികസനത്തിന് ഊന്നല്‍ നല്‍കുന്നെന്ന് കാണിക്കാന്‍ എല്ലാ വര്‍ഷവും ഈ പണം വകയിരുത്താറുണ്ട്. പക്ഷേ, ചെലവിടാറില്ല.

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിനിയോഗം ഇക്കുറി തീരെ കുറവാണ്. 5500 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിഹിതമായി നീക്കിവെച്ചത്. ഇതില്‍ മാര്‍ച്ച് 12 വരെ 1965.87 കോടി മാത്രമേ ചെലവിടാനായുള്ളൂ. 35.74 ശതമാനം മാത്രം. മാര്‍ച്ച് 12 വരെയുള്ള കണക്കനുസരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചത് പൊതുമരാമത്ത് വകുപ്പാണ്. വിഹിതമായി 1286.04 കോടി മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 2017.10 കോടി വിനിയോഗിച്ചു. 156.85 ശതമാനമാണ് വിനിയോഗം. ഭരണപരിഷ്കാര വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 18.80 കോടി വിഹിതമുണ്ടായിരിക്കെ 18.80 കോടി ചെലവിടാന്‍ കഴിഞ്ഞു. 100.2 ശതമാനം. ധനകാര്യം -90.98 ശതമാനം, കായികം-യുവജനക്ഷേമം -89.12, ഫിഷറീസ് -78.18, പൊതുവിദ്യാഭ്യാസം -77.60 എന്നിവയാണ് ഉയര്‍ന്ന വിനിയോഗമുള്ള വകുപ്പുകള്‍. ഭക്ഷ്യവകുപ്പാണ് ഏറ്റവും പിന്നില്‍. 7.07 ശതമാനം മാത്രം. ആസൂത്രണം, പരിസ്ഥിതി, ഉന്നതവിദ്യാഭ്യാസം, ആഭ്യന്തരം, തദ്ദേശം, റവന്യൂ തുടങ്ങിയവ വിനിയോഗത്തില്‍ മെല്ളെപ്പോക്കാണ്.

 

Tags:    
News Summary - annual project in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.