തിരുവനന്തപുരം: ജില്ലയിൽ ഒരാൾക്ക് കൂടി അപൂർവമായ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. 24കാരിയായ നാവായിക്കുളം സ്വദേശിക്കാണ് അസുഖം ബാധിച്ചത്. കണ്ണറവിള, പേരൂർക്കട സ്വദേശികൾക്ക് നേരത്തെ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ജില്ലയിൽ മൂന്നാമതൊരു സ്ഥലത്ത് കൂടി രോഗബാധ സ്ഥിരീകരിച്ചത് ആശങ്കയുയർത്തുന്നുണ്ട്. നിലവിൽ എട്ട് പേരാണ് രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരത്ത് മാത്രം ചികിത്സയിലുള്ളത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാവായിക്കുളം സ്വദേശിനിയുടെ സ്രവ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. അടുത്തിടെ നാവായിക്കുളം പഞ്ചായത്തിലെ ഇടമണ്ണിലെ തോട്ടിൽ കുളിച്ചിരുന്നുവെന്ന് ഇവർ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് നെയ്യാറ്റിൻകര കണ്ണറവിള പൂതംകോട് സ്വദേശി സ്വദേശി അഖിൽ (27) ജൂലൈ 23ന് മരിച്ചിരുന്നു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേർക്ക് കൂടി രോഗം ബാധിക്കുകയായിരുന്നു. പിന്നാലെ പേരൂർക്കട മണ്ണാമൂല സ്വദേശിക്കും രോഗബാധയുണ്ടായി. രോഗികൾ വർധിച്ചതോടെ പ്രത്യേക മെഡിക്കൽ ബോർഡ് രൂപവത്കരിച്ചായിരുന്നു ചികിത്സ.
ചികിത്സയിലുള്ളവരുടെ ആരോഗ്യനില ആശങ്കപ്പെടുത്തുന്നതല്ലെന്നാണ് വിവരം. ഗുരുതരാവസ്ഥയിലായിരുന്ന ഒരു രോഗിയെ നില മെച്ചപ്പെട്ടതിനെ തുടർന്ന് ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
കേരളത്തിൽ വർധിക്കുന്ന അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച് ഐ.സി.എം.ആർ പഠനം നടത്തും. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ദസംഘത്തെ നിയോഗിച്ചത്. ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതായി ഐ.സി.എം.ആർ സംസ്ഥാന സർക്കാറിനെ അറിയിച്ചു. സംസ്ഥാനത്തെ ജലാശയങ്ങളിൽ അമീബയുടെ സാന്ദ്രത സംബന്ധിച്ചും പഠനം നടത്തും.
മേയിൽ മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ച് വയസ്സുകാരിയും ജൂണിൽ കണ്ണൂരിൽ തോട്ടട സ്വദേശിയായ 13കാരിയും ജൂലൈയിൽ കോഴിക്കോട്ട് രാമനാട്ടുകര ഫാറൂഖ് കോളജിനു സമീപത്തെ 12കാരനും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ആലപ്പുഴയിൽ പാണാവള്ളി സ്വദേശിയായ 25കാരനും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.