കൊച്ചി: സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടു നൽകേണ്ടെന്ന് വ്യക്തമാക്കി മറ്റൊരു മകളുടെ സത്യവാങ്മൂലം.
മൃതദേഹം മെഡിക്കൽ കോളജിന് വിട്ടു നൽകാൻ നേരത്തെ സന്നദ്ധത അറിയിച്ച മകൾ സുജാത ബോബനാണ് നിലപാട് മാറ്റി പുതിയ സത്യവാങ്മൂലം ഹൈകോടതിയിൽ സമർപ്പിച്ചത്. മൃതദേഹം വിട്ടു നൽകാനുള്ള സമ്മതപത്രത്തിൽ നേരത്തെ നിർബന്ധിച്ച് ഒപ്പിടുവിക്കുകയായിരുന്നുവെന്ന് അവർ അറിയിച്ചു.
മൃതദേഹം പള്ളിയിൽ സംസ്കരിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെടുന്ന മകൾ ആശയുടെ ഹരജിയിലാണ് സുജാത സത്യവാങ്മൂലം നൽകിയത്. കോടതി നിർദേശ പ്രകാരം ആശയേയും മറ്റു മക്കളേയും കേട്ട ശേഷം മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാൻ മെഡിക്കൽ കോളജ് സമിതി തീരുമാനമെടുത്തിരുന്നു. എന്നാൽ, ഇതിനെതിരെ വീണ്ടും ആശ കോടതിയെ സമീപിക്കുകയായിരുന്നു.
ഹരജി ബുധനാഴ്ച വിധി പറയാനായി ജസ്റ്റിസ് വി.ജി. അരുൺ മാറ്റി. ലോറൻസിന്റെ മാതാപിതാക്കളേയും മരണപ്പെട്ട സഹോദരങ്ങളേയും സംസ്കരിച്ചത് ക്രൈസ്തവ ആചാര പ്രകാരം തന്നെയാണെന്ന് സുജാതയും സത്യവാങ്മൂലത്തിൽ പറയുന്നു. തന്റെ ബന്ധുവിന്റെ മരണ ദിവസം സംസ്കാരത്തെപ്പറ്റി സംസാരം വന്നു. പള്ളി സെമിത്തേരിയിൽ അടക്കണമെന്നായിരുന്നു അന്ന് പിതാവ് പറഞ്ഞതെന്ന് സുജാത വ്യക്തമാക്കി. ഇത് ഫോണിൽ റെക്കോഡ് ചെയ്തെങ്കിലും ഫോൺ മാറിയപ്പോൾ അത് നഷ്ടമായി.
ഫോൺ കമ്പനി അധികൃതരെ സമീപിച്ചെങ്കിലും വീണ്ടെടുക്കാനാവില്ലെന്നാണ് പറഞ്ഞത്. ടൗൺഹാളിൽ വെച്ച് ബന്ധുവായ എബി എബ്രഹാം ഒപ്പു വെക്കാൻ നിർബന്ധിക്കുകയായിരുന്നു. അപ്പോഴത്തെ തിരക്കിലും പ്രത്യേക മാനസികാവസ്ഥയിലും വായിച്ചു പോലും നോക്കാതെ ഒപ്പിട്ടു. മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കണമെന്നാണ് തന്റെ നിലപാടെന്നും അവർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.