തിരുവനന്തപുരം: യു.ഡി.എഫ് അനുകൂല കോട്ടയിൽ അട്ടിമറിവിജയം നേടി 15ാം നിയമസഭയിൽ ആൻറണി രാജു മന്ത്രിയാകുേമ്പാൾ തീരദേശത്തിന് അത് അഭിമാന നിമിഷമാണ്. ഇടതുമുന്നണിക്ക് ബാലികേറാമലയെന്ന് പലപ്പോഴും പലരും വിശേഷിപ്പിച്ചിരുന്ന തിരുവനന്തപുരം മണ്ഡലത്തിൽ അത് തിരുത്തി രണ്ടാംതവണയാണ് ആൻറണി രാജു വിജയക്കൊടി പാറിക്കുന്നത്. സിറ്റിങ് എം.എൽ.എയായ വി.എസ്. ശിവകുമാറിനെ 7089 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
1996ൽ മണ്ഡലം അന്ന് തിരുവനന്തപുരം വെസ്റ്റ് ആയിരുന്നു. യു.ഡി.എഫിനായിരുന്നു സ്ഥിരം വിജയം. എന്നാൽ, അത് തിരുത്തി ഇടതുമുന്നണിക്ക് കന്നി വിജയം സമ്മാനിച്ചാണ് ആൻറണി രാജു അന്ന് എം.എൽ.എയായത്. കോൺഗ്രസ് നേതാവ് എം.എം. ഹസനെയാണ് രാജു പരജയപ്പെടുത്തിയത്. കേരള കോൺഗ്രസ് വിദ്യാർഥി വിഭാഗമായ കെ.എസ്.സിയിലൂടെ 1972ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. തുമ്പ സെൻറ് സേവ്യേഴ്സ്, മാർ ഇവാനിയോസ് കോളജുകളിൽ കെ.എസ്.സി യൂനിറ്റ് പ്രസിഡൻറായി. 1976ൽ കെ.എസ്.സി തിരുവനന്തപുരം ജില്ല പ്രസിഡൻറും 1979ൽ സംസ്ഥാന വൈസ് പ്രസിഡൻറുമായി.
1980ൽ കേരള കോൺഗ്രസ് തിരുവനന്തപുരം വെസ്റ്റ് നിയോജക മണ്ഡലം പ്രസിഡൻറ്, 1982ൽ പാർട്ടി ജില്ല ജനറൽ സെക്രട്ടറി, 1987 മുതൽ 1997 വരെ കേരള കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡൻറ് 1998 മുതൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി, 2016 മുതൽ ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 1990ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ജില്ല കൗൺസിൽ തെരെഞ്ഞടുപ്പിലൂടെയാണ് കന്നിയംഗത്തിനിറങ്ങുന്നത്. ശംഖുംമുഖം ഡിവിഷനിൽ മത്സരിച്ച് കോൺഗ്രസ് നേതാവ് ജോർജ് മസ്ക്രീനെ പരാജയപ്പെടുത്തി.
തിരുവനന്തപുരം മണ്ഡലത്തിലെ പൂന്തുറയിലാണ് ജനനം. പരേതനായ എസ്. അൽഫോൺസിെൻറയും ടി. ലർദ്ദമ്മയുടെയും മകനാണ്. പൂന്തുറ സെൻറ് തോമസ് സ്കൂൾ, കളമശ്ശേരി രാജഗിരി സ്കൂൾ, തുമ്പ സെൻറ് സേവ്യേഴ്സ് കോളജ്, മാർ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. പിന്നീട്, തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമ ബിരുദം നേടി. 1982ൽ അഭിഭാഷകനായി. ബാങ്ക് ഉദ്യോഗസ്ഥയായ ഗ്രേസിയാണ് ഭാര്യ. കാരക്കോണം മെഡിക്കൽ കോളജിലെ ഹൗസ് സർജൻ ഡോ. റോഷ്നി മകളും തിരുവനന്തപുരം എസ്.യു.ടി മെഡിക്കൽ കോളജിലെ രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർഥി റോഹൻ മകനുമാണ്.
കരകൗശല വികസന കോർപറേഷൻ, ട്രാവൻകൂർ സിമൻറ്സ്, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ് എന്നീ പെതുമേഖല സ്ഥാപനങ്ങളുടെ ചെയർമാനായും കേരള സർവകലാശാല സിൻഡിേക്കറ്റ് അംഗമായും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.