തളിപ്പറമ്പ്: സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നഗരസഭായി ആന്തൂർ മാറി. പ്രഖ്യാപനം എം.വി. ഗോവിന്ദൻ എം.എൽ.എ നിർവഹിച്ചു. തളിപ്പറമ്പ മണ്ഡലത്തെ സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത നേടിയ മണ്ഡലമായി മാറ്റുന്നതിന്റെ ഭാഗമായാണ് ആന്തൂരിൽ പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ 10 മാസക്കാലമായി ആന്തൂർ നഗരസഭയിൽ നടന്നുവരുന്ന ഇടം ഡിജിറ്റൽ സാക്ഷരത ക്ലാസുകൾ പൂർത്തിയായി.
ഓൺലൈൻ സൗകര്യങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാനും സർക്കാർ സേവനങ്ങളും മറ്റ് നവമാധ്യമ സാധ്യതകളും പ്രയോജനപ്പെടുത്താനും ആണ് പദ്ധതി നടപ്പാക്കിയത്. 15 ഘട്ടങ്ങളിലായി വിവിധ വാർഡുകളിലെ 292 റിസോഴ്സ് പേഴ്സന്മാരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. സ്കൂളുകൾ, വായനശാലകൾ, വീടുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവ വഴിയാണ് പഠനം പൂർത്തിയാക്കിയത്. വിവിധ സന്നദ്ധ സംഘടനകളുടെ സഹായവും പരിപാടിക്ക് ലഭിച്ചിട്ടുണ്ട്.11,064 പേരെ പഠിപ്പിച്ച് തളിപ്പറമ്പ് മണ്ഡലത്തിലെ ഏറ്റവും കൂടുതൽ പേർക്ക് പഠനസൗകര്യം ഒരുക്കിയത് ആന്തൂരിലാണ്.
നഗരസഭ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റിസോഴ്സ് അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റ് വൈസ് ചെയർമാൻ വി. സതീദേവി വിതരണം ചെയ്തു. കുടുംബശ്രീകൾക്കുള്ള ഉപഹാരം മുൻ ചെയർപേഴ്സൻ പി.കെ. ശ്യാമളയും, ലിറ്റിൽ കൈറ്റ് സ്കൂളുകൾക്കുള്ള ഉപഹാരം മണ്ഡലം കോഓഡിനേറ്റർ പി.പി. ദിനേശനും നഗരസഭക്കുള്ള പ്രശംസാപത്രം നിയോജകമണ്ഡലം കൺവീനർ കെ.സി. ഹരികൃഷ്ണനും വിതരണം ചെയ്തു. നഗരസഭ കോഓഡിനേറ്റർ ഇ.കെ. വിനോദൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.പി. ഉണ്ണികൃഷ്ണൻ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൻ കെ.പി. ശ്യാമള നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.