കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബാലവേലയിൽനിന്ന് മോചിപ്പിച്ചത് 427 കുരുന്നുകളെ. സംസ്ഥാന വനിത, ശിശു വികസന വകുപ്പ് നടപ്പാക്കിയ ശരണബാല്യം പദ്ധതിയിലൂടെയാണ് ബാലാവകാശ കമീഷൻ 2019-21 കാലയളവിൽ 400ലേറെ കുട്ടികളെ ബാലവേലയിൽനിന്ന് മോചിപ്പിച്ചത്. പുറംലോകമറിയാത്ത സംഭവങ്ങൾ അതിലുമേറെയാണ്. 2018-19 കാലയളവിൽ 142 കുരുന്നുകളെ രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 49 തൊഴിലുടമകൾക്കെതിരെ നടപടിയുമെടുത്തു. ബാലവേലയിൽ ചെന്നുപെടുന്നതിലധികവും അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കളും ആദിവാസി കുട്ടികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരുമാണ്.
ഹോട്ടൽ ജോലിയിലും വീട്ടുജോലികളിലുമാണ് ബാലവേല കൂടുതലാവുന്നത്. വീടുകളിൽ പെൺകുട്ടികളും ഹോട്ടലുകളിൽ ആൺകുട്ടികളുമാണ് ഇരകളിലേറെയും. 2019-21 കാലയളവിൽ മലപ്പുറത്തും എറണാകുളത്തുമായി ഓരോ കുട്ടികളെയാണ് വീട്ടുജോലിയിൽനിന്ന് ബാലാവകാശ കമീഷൻ രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചത്.
ലോക്ഡൗണിൽ താരതമ്യേന ബാലവേല കുറവായാണ് വിലയിരുത്തപ്പെടുന്നതെങ്കിലും വരുംനാളുകളിൽ ഇതിെൻറ തോത് വർധിക്കാനിടയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും അവസാനിക്കുന്നതിനൊപ്പം ഓരോ കുട്ടിയെക്കുറിച്ചും കൃത്യമായ വിവരശേഖരണവും നിരീക്ഷണവും നടത്താൻ വാർഡുതല ശിശുസംരക്ഷണ സമിതികളുടെ രൂപവത്കരണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇത് കൂടുതൽ ശക്തിപ്പെടുത്തുെമന്നും ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാർഡ് അംഗം, അധ്യാപകർ തുടങ്ങിയവരടങ്ങുന്ന സമിതികൾ പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.