കൊച്ചി: കാമ്പസുകളിലെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവുമായി അടുത്തിടെ അന്തരിച്ച ഡൽഹി സർവകലാശാല മുൻ പ്രഫസർ എസ്.എ.ആർ. ഗീലാനിയുടെ മക്കൾ. കാമ്പസ് ഫാഷിസത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി കൊച്ചിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ഗീലാനിയുടെ മക്കളായ അഡ്വ. നുസ്റത്ത് ഗീലാനിയും ആത്തിഫ് ഗീലാനിയും മുഖ്യാതിഥികളായി പങ്കെടുത്തത്. കശ്മീരിനെക്കുറിച്ച് തെറ്റിദ്ധാരണകളാണ് പ്രചരിച്ചിരിക്കുന്നതെന്ന് നുസ്റത്ത് ഗീലാനി പറഞ്ഞു.
ആർട്ടിക്കിൾ 370 നീക്കിയതോടെ കശ്മീരികൾ ഉപരോധത്തിലാണ്. കശ്മീരിൽ കുട്ടികൾ സ്കൂളിൽ പോകുന്നില്ല. സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ടു. എസ്.എ.ആർ. ഗീലാനി കശ്മീരിന് വേണ്ടി ചെറുപ്പം മുതൽ പ്രവർത്തിച്ച ആളാണ്. പാർലമെൻറ് ആക്രമണത്തിെൻറ പേരിൽ ഫാഷിസ്റ്റുകൾ അദ്ദേഹത്തിനെതിരെ കേസ് കെട്ടിച്ചമച്ചു. എന്നാൽ, എല്ലാ പ്രതിസന്ധികളും ദൈവനിശ്ചയമാണെന്നും സത്യം പുറത്തുവരുമെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. കുറ്റം സമ്മതിക്കാൻ പല കോണുകളിൽനിന്നും ഭീഷണിയുണ്ടായപ്പോഴും പതറിയില്ല. പിതാവിന് നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് പറയവെ നുസ്റത്ത് വികാരാധീനയായി. അദ്ദേഹം ഒപ്പമില്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും അവർ പറഞ്ഞു.
ഭരണകൂടം തങ്ങളുടെ കുടുംബത്തെ വേട്ടയാടാൻ കാരണം വംശീയതയും ജാതീയതയുമാണെന്ന് ആത്തിഫ് ഗീലാനി പറഞ്ഞു. ഒരാളെ ദേശവിരുദ്ധനും തീവ്രവാദിയുമാക്കാൻ എല്ലാ സംവിധാനങ്ങളെയും ഫാഷിസ്റ്റുകൾ ഉപയോഗപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടത്തിെൻറ അടിസ്ഥാനംതന്നെ വംശീയ ഉന്മൂലനമാണെന്ന് അദ്ദേഹം പറഞ്ഞു. അതിെൻറ അവസാന ഉദാഹരണമാണ് പൗരത്വഭേദഗതി ബിൽ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നജ്ദ റൈഹാൻ പ്രമേയം അവതരിപ്പിച്ചു. ജെ.എൻ.യു സ്റ്റുഡൻറ്സ് യൂനിയൻ കൗൺസിലർ അഫ്രീൻ ഫാത്തിമ, ഫ്രറ്റേണിറ്റി മൂവ്മെൻറ് കേന്ദ്ര കമ്മിറ്റി അംഗം ആർ.എസ്. വസീം, ഹൈദരാബാദ് കേന്ദ്രസർവകലാശാല സ്കൂൾ ബോർഡ് മെംബർ മുഹമ്മദ് ഫസീഹ്, കാസർകോട് കേന്ദ്രസർവകലാശാല അംബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷൻ സെക്രട്ടറി ജെയിൻസി ജോൺ, ഹൈദരാബാദ് ഇഫ്ളു വിദ്യാർഥി യൂനിയൻ ജനറൽ സെക്രട്ടറി സമർ അലി, പുതുച്ചേരി സർവകലാശാല ഗവേഷക വിദ്യാർഥി തബ്ശീർ ശർഖി, മദ്രാസ് ഐ.ഐ.ടി ഗവേഷകവിദ്യാർഥി എം.കെ. നസീഫ്, ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി എം.ജെ. സാന്ദ്ര തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്രിൻ സ്വാഗതവും ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി നന്ദിയും പറഞ്ഞു. ‘ദി െറസിസ്റ്റൻസ്’ ആവിഷ്കാരവും അരങ്ങേറി. മദ്രാസ് ഐ.ഐ.ടിയിൽ ജീവനൊടുക്കേണ്ടിവന്ന ഫാത്തിമ ലത്തീഫിന് ഐക്യദാർഢ്യമർപ്പിച്ച് അതിഥികൾ ബാനറുയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.