തിരുവനന്തപുരം: മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്ലിം ലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. വർഗീയ ചേരിതിരിവിനും മത ധ്രുവീകരണത്തിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണ്. സംഘപരിവാരിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രചാരണം നടത്താൻ ഇത് ഊർജ്ജം നൽകും.
മുസ്ലിം ലീഗിന്‍റെ സങ്കുചിത വർഗീയ നിലപാട് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തലചൊറിയലാണ്. രാഷ്ട്രീയ ലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള ഈ നീക്കം വിശ്വാസികൾ ഒരിക്കലും അംഗീകരിക്കില്ല.
അടുത്ത വെള്ളിയാഴ്ച ജുമുഅ പ്രാർത്ഥനയ്ക്കൊപ്പം സർക്കാരിനെതിരെ ബോധവത്കരണം നടത്തുമെന്നാണ് ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞത്. മുസ്ലിം ലീഗ് രാഷ്ട്രീയ പാർടി ആണെന്നും മതസംഘടനയല്ലെന്നും ഓർമ്മ വേണം. സംഘപരിവാറിന്‍റെ ഉത്തരേന്ത്യൻ മാതൃകയാണ് ഇവർ കേരളത്തിൽ നടപ്പാക്കുന്നത്. നാളെ ബി.ജെ.പി കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളാക്കിയാൽ ലീഗ് അടക്കമുള്ള സംഘടനകൾ എന്ത് ന്യായം പറയും? ജുമുഅ നമസ്കാരത്തിനായി പള്ളിയിലെത്തുന്നവരിൽ എല്ലാ രാഷ്ട്രീയ വിശ്വാസികളുമുണ്ട്. അതിനാൽ സർക്കാരിനെതിരെ പ്രസംഗിച്ചാൽ അത് ചോദ്യം ചെയ്യാനും വിശ്വാസികൾ മുന്നോട്ടുവരും. ഇത് സംഘർഷത്തിന് വഴിവയ്ക്കും.
ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാൻ മുമ്പും ലീഗ് ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വിശ്വാസികൾ തന്നെയാണ് അതിനെ പ്രതിരോധിച്ചത്.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതാണ് പുതിയ നീക്കത്തിന് കാരണമായി പറയുന്നത്. ഈ പ്രശ്നത്തിൽ മുസ്ലിം മതസംഘടനകളുടെ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. എല്ലാവരുടേയും ആശങ്കകൾ ദുരീകരിച്ചു മാത്രമേ ഇക്കാര്യം നടപ്പിലാക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചതുമാണ്. എന്നാൽ മുസ്ലിം സമുദായത്തിലെ വിദ്യാസമ്പന്നരായ പുതുതലമുറ സി.പി.എമ്മിനോട് കൂടുതൽ അടുക്കുന്നത് ലീഗിനെ അടക്കം ഭയപ്പെടുത്തുന്നു. ഈ ഒഴുക്ക് തടഞ്ഞു നിർത്താൻ വിശ്വാസപരമായ വൈകാരികത ലീഗ് ചൂഷണം ചെയ്യുകയാണ്.
വിശ്വാസികളെ സർക്കാരിനെതിരെ ഇളക്കിവിടാമെന്ന ലീഗ് നേതൃത്വത്തിന്‍റെ നിലപാട് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന ലക്ഷ്യത്തോടെയാണ്. മതേതര പാർട്ടിയാണെന്ന ലീഗിെന്റ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു. മുസ്ലിംലീഗ് ആഹ്വാനത്തെക്കുറിച്ച് കോൺഗ്രസ് അടക്കം യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും അഭിപ്രായം പറയണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സി.പി.എമ്മിനെ പ്രകോപിപ്പിച്ചത് മുസ്ലിം നേതൃസമിതി കോർകമ്മിറ്റി യോഗം
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതടക്കം മുസ്ലിം വിരുദ്ധ നിലപാടുകൾക്കെതിരെ വെള്ളിയാഴ്ച എല്ലാ പള്ളികളിലും ബോധവത്കരണ പ്രഭാഷണങ്ങൾ നടത്താൻ കഴിഞ്ഞദിവസം കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന മുസ്ലിം നേതൃസമിതി കോർകമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് സി.പി.എമ്മിന്‍റെ പ്രസ്താവന.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ ഹൈകോടതി, സുപ്രീംകോടതിയടക്കമുള്ളവയെ സമീപിക്കാനും നേതൃയോഗം തീരുമാനിച്ചിരുന്നു. വഖഫിേൻറത് കേന്ദ്ര നിയമമായതിനാൽ സംസ്ഥാനത്തിന് ഇടപെടാനധികാരമില്ലെന്ന് കാണിച്ചാണ് നിയമനടപടികൾ ആരംഭിക്കുക. ഡിസംബർ ഏഴിന് ചൊവ്വാഴ്ച പഞ്ചായത്ത് കേന്ദ്രങ്ങളിൽ മുസ്ലിം നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന പ്രതിഷേധ റാലികളും സംഘടിപ്പിക്കും. റാലിയിൽ പ്രദേശത്തെ സമുദായ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കും. തുടർന്ന് കോഴിക്കോട്ടും തിരുവനന്തപുരത്തും മുസ്ലിം നേതൃസമിതിയുടെ നേതൃത്വത്തിൽ ബഹുജന സമ്മേളനങ്ങളും നടത്തും.
സംഘ്പരിവാറിനേക്കാൾ വലിയ ന്യൂനപക്ഷ, ദലിത് വിരുദ്ധ നടപടിയാണ് സംസ്ഥാനസർക്കാർ ചെയ്യുന്നതെന്ന് യോഗതീരുമാനം വിശദീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി.എം.എ. സലാം ആരോപിച്ചിരുന്നു.
പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു കോർ കമ്മിറ്റി യോഗം ചേർന്നത്. പി.എം.എ. സലാം, സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്വി, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി (കെ.എൻ.എം), ബി.പി.എ. ഗഫൂർ (മർകസുദ്ദഅ്വ), കെ. സജ്ജാദ് (വിസ്ഡം), എൻജി.പി. മമ്മദ്കോയ (എം.എസ്.എസ്), ഇലവുപാലം ശംസുദ്ധീൻ മന്നാനി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), എം. അഖ്നിസ് (മെക്ക), കമാൽ എം. മാക്കിയിൽ (കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ), കെ.പി. മെഹബൂബ് ശരീഫ് (റാവുത്തർ ഫെഡറേഷൻ), അഡ്വ. വി.കെ. ബീരാൻ എന്നിവർ പ്രസ്തുത യോഗത്തിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.