കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു -സി.പി.ഐ

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിൽ ഇ.എം.എസ് സ്മൃതി പരിപാടിയിൽ സംബന്ധിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

അടിസ്ഥാന പ്രശ്നങ്ങളായ പെൻഷൻ, സപ്ലൈകോ വിതരണം എന്നീ കാര്യങ്ങളിൽ സർക്കാറിന് വീഴ്ചയുണ്ടായത് പരിശോധിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ സി.പി.എമ്മിനും സി.പി.ഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സർക്കാർ തലത്തിൽ നേതൃമാറ്റം ആവശ്യപ്പെടില്ലെന്നും തൃശൂരിലെ സി.പി.ഐയുടെ തോല്‍വി നൽകിയത് വലിയ പാഠമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ഇടതുമുന്നണിക്കുണ്ടായ പരാജയം ആത്യന്തികമല്ലെന്നും കോസ്റ്റ് ഫോഡ് സംഘടിപ്പിച്ച ഇ.എം.എസ് സ്മൃതി പരിപാടിയിൽ ബിനോയ് വിശ്വം പറഞ്ഞു. പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ജനങ്ങളുടെ സഹകരണത്തോടെ മുന്നേറ്റത്തിന്റെ വഴി കണ്ടെത്താന്‍ ശ്രമിക്കും. ജനവിധിയെ പരിധികളില്ലാതെ വിലയിരുത്തുന്നതാണ് ഇടതിനെ ഇടതാക്കുന്നത്. അതിന്റെ ഭാഗമായി എന്തെങ്കിലും തിരുത്തല്‍ വേണോയെന്ന് ചിന്തിക്കാന്‍ മടി കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് രാഷ്ട്രീയ വെല്ലുവിളിയാണ്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണം. എല്ലാ മതേതരശക്തികളും അതേപ്പറ്റി ചിന്തിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. 

Tags:    
News Summary - Anti incumbency sentiment reflected in Lok Sabha elections; CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.