കൊച്ചി: മന്ത്രി ആന്‍റണി രാജു പ്രതിയായ മയക്കുമരുന്ന് തൊണ്ടിമുതലിൽ കൃത്രിമം കാണിക്കൽ കേസിന്‍റെ വിചാരണ നീണ്ടുപോയതെങ്ങനെയെന്ന് ഹൈകോടതി. കേസ് ഇത്രയേറെ വൈകാനിടയായത് ഗൗരവ വിഷയമാണെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ പറഞ്ഞു. കേസിലെ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകൻ ജോർജ് വട്ടുകുളം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മയക്കുമരുന്ന് കേസിലെ പ്രതിയായ ആസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിയതുമായി ബന്ധപ്പെട്ട് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ വർഷങ്ങളായി ഒരു പുരോഗതിയുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. പ്രതിയെ രക്ഷിക്കാൻ കോടതിയിലെ ക്ലാർക്കിനെ സ്വാധീനിച്ച് തൊണ്ടിമുതൽ മോഷ്ടിക്കുകയും അളവിൽ വ്യത്യാസം വരുത്തുകയും ചെയ്തുവെന്നും ഇതേതുടർന്ന് വിചാരണക്കോടതി ശിക്ഷിച്ച പ്രതിയെ ഹൈകോടതി വെറുതെ വിടാനിടയായെന്നുമാണ് കേസ്.
1994 ഒക്ടോബർ അഞ്ചിനാണ് ആന്‍റണി രാജുവിനെ മൂന്നാം പ്രതിയാക്കി ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഹരജി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു സർക്കാറിന്‍റെ വാദം. പൊതുജനങ്ങൾക്ക് ഇത്തരം വിഷയങ്ങളിൽ നിയമാനുസൃതമായി ഇടപെടാനാവുമെന്ന് വ്യക്തമാക്കിയ കോടതി ഹരജി വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.