കെ.എസ്.ആർ.ടി.സിയിൽ വരുമാനം കൂടിയാൽ ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ആന്റണി രാജു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വരുമാനം നല്ലത് പോലെ കൂടിയാൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി ആസ്ഥാനത്ത് സ്ഥാപിച്ച സോളാർ പവർ പ്ലാന്റ്, ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം, ഇ സർവീസ് ബുക്ക് എന്നിവയുടെ ഉദ്ഘാടനം ​നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രതിദിന കളക്ഷൻ റെക്കോർഡ് നേടുന്നതിന് പ്രയത്നിച്ച ജീവനക്കാക്കുള്ള ക്യാഷ് അവാർഡുകളും മന്ത്രി വിതരണം ചെയ്തു.

പ്രതി​ദിനം എട്ടു കോടി രൂപയിലധികം വരുമാനം ലഭിക്കാനുള്ള നടപടികളുമായി ഇനിയും മുന്നോട്ട് പോകണം. അതിന് ജീവനക്കാർ സഹകരിക്കണം. ശമ്പളം എപ്പോൾ കിട്ടുമെന്ന് ഉറപ്പില്ലായിരുന്ന സാഹചര്യത്തിൽ നിന്നും ഓരോ മാസം അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം കിട്ടുമെന്ന് ഇപ്പോൾ ഉറപ്പാണ്.

കെ.എസ്.ആർ.ടി.യെ സംബന്ധിച്ച് അഭിമാനകരമായ പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. ലാഭം മാത്രമല്ല കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം, പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രസൗകര്യം ഒരുക്കുകയാണ്. അത് സ്വന്തം വരുമാനത്തിൽ നിന്നായാൽ അത്രയും നല്ലതെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സി യെ നിലനിർത്താൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ നൽകിയത്. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും ജീവനക്കാർക്ക് വേണ്ടി ശമ്പള പരിഷ്കരണം യാഥാർഥ്യമാക്കി. ഇന്ധന വിലവർദ്ധനവ് ഉൾപ്പെ പലകാര്യങ്ങളും തകിടം മറിച്ചിട്ടും സർക്കാർ സഹായത്താൽ പിടിച്ചു നിന്നു.

വിദ്യാർഥി കൺസഷൻ അടുത്ത അധ്യായന വർഷത്തിൽ ഓൺലൈനിലേക്ക് മാറ്റും. കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റിനെക്കുറിച്ച് ജീവനക്കാർക്ക് ആശങ്ക വേണ്ട. സ്വിഫ്റ്റിന് ലഭിക്കുന്ന ലാഭം കെഎസ്ആർടിസിക്കാണ് വന്നു ചേരുന്നത്. ചടങ്ങിൽ സി.എം.ഡി ബിജു പ്രഭാകർ അധ്യക്ഷത വഹിച്ചു.

ജീവനക്കാർക്ക് ക്യാഷ് അവാർഡുകൾ

പ്രതിദിന കളക്ഷൻ റെക്കോർഡിൽ എത്തിച്ച യൂനിറ്റുകൾക്കും ജീവനക്കാക്കും കെ.എസ്.ആർ.ടി ക്യാഷ് അവാർഡുകളും പ്രശസ്തി പത്രവും നൽകി മന്ത്രി ആദരിച്ചു. 2022 സെപ്തംബർ 12 ന് 3941 ബസുകൾ ഉപയോ​ഗിച്ച് പ്രതിദിന വരുമാനം 8.40 കോടി രൂപ എന്ന ചരിത്രം നേട്ടം കൈവരിക്കുന്നതിന് പങ്കാളികളായ ജീവനക്കാർക്കും യൂണിറ്റുകൾക്കുമാണ് ക്യാഷ് അവാർഡ് നൽകിയത്.

സംസ്ഥാന തലത്തിൽ നിശ്ചയിച്ച തുകയേക്കാൽ ഏറ്റവും ഉയർന്ന വർദ്ധനവ് നേടിയ കോഴിക്കോട് യൂനിറ്റിന് ഒരു ലക്ഷം രൂപയും, സംസ്ഥാന തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ തിരുവനന്തപുരം സെൻട്രൽ യൂനിറ്റിന് ഒരു ലക്ഷം രൂപയും, സംസ്ഥാന തലത്തിൽ ഏറ്റവും ഉയർന്ന ഇ.പി.കെ.എം നേടിയ വെള്ളറട യൂനിറ്റിന് ഒരു ലക്ഷം രൂപയും, നിശ്ചിത ടാർജറ്റിന് മുകളിൽ വരുമാനം നേടിയ മറ്റ് 34 യൂനിറ്റുകൾക്ക് 25,000 രൂപ വീതവുമാണ് അവാർഡായി നൽകിയത്.

സംസ്ഥാന തലത്തിൽ ഏറ്റവും ഉയർന്ന ഇ.പി.കെ.എം, ഇ.പി.ബി നേടിയ ഡ്രൈവർ/ കണ്ടക്ടർമാരായ നാലു പേരായ തിരുവനന്തപുരം വെഞ്ഞാറമൂട് യൂനിറ്റിലെ വി.എൽ സന്തോഷ് കുമാർ (ഡ്രൈവർ), ബി.കെ. വിനോദ് ( കണ്ടക്ടർ), തിരുവനന്തപുരം സെൻട്രൽ യൂനിറ്റിലെ രഞ്ജിത്ത് ആർ ( ഡ്രൈവർ), സമീർ ജെ ( കണ്ടക്ടർ) എന്നിവർക്ക് 5,000 രൂപ വീതവും, ജില്ലാ തലത്തിൽ ഏറ്റവും ഉയർന്ന് ഇ.പി.കെ.എം, ഇ.പി.ബി നേടിയ ഡ്രൈവർ/ കണ്ടക്ടർമാരായ 56 പേർക്ക് 3,000 രൂപ വീതവും സമ്മാനിച്ചു.

ഇതോടൊപ്പം കോഴിക്കോട് റീജണൽ വർക്ക് ഷോപ്പിലെ ഉപയോ​ഗ ശൂന്യമായ വസ്തുക്കൾ പരിസര മലിനീകരണം ഇല്ലാതെ നശിപ്പിക്കുന്നതിന് പാഴ്വസ്തുക്കൾ ഉപയോ​ഗിച്ച് ഇൻസിനറേറ്റർ നിർമ്മിക്കാൻ നേതൃത്വം നൽകിയ ജീവനക്കാരേയും ആദരിച്ചു.

Tags:    
News Summary - Antony Raju said that if the income is good, the salary will be paid on the first day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.