അഞ്ചാം തീയതിക്ക് മുമ്പ് പകുതി ശമ്പളം ലഭിക്കുന്നത് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഗുണകരമെന്ന് ആന്റണി രാജു

തിരുവനന്തപുരം: അഞ്ചാം തീയതിക്ക് മുമ്പ് പകുതി ശമ്പളം ലഭിക്കുന്നത് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഗുണകരമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മാസാദ്യം തന്നെ മുഴുവൻ ശമ്പളവും വേണമെന്ന് ഇല്ലല്ലോ. ആരെയും നിർബന്ധിച്ച് അടിച്ചേൽപ്പിക്കാനല്ല പുതിയ പരിഷ്കാരം കൊണ്ടു വന്നത്. വേണ്ടവർ മാത്രം പുതിയ സംവിധാനത്തെ ആശ്രയിച്ചാൽ മതിയെന്നും ആന്റണി രാജു പറഞ്ഞു.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകാൻ മാസത്തിന്റെ പകുതിയെങ്കിലും ആകണം. സർക്കാറിന്റെ സഹായം കൂടി ലഭിച്ചതിന് ശേഷമാണ് ഇത്തരത്തിൽ ശമ്പളം നൽകുന്നത്. അതിന് മുമ്പ് തന്നെ അത്യാവശ്യ ചെലവുകൾക്കായി ജീവനക്കാർക്ക് പണം നൽകുന്നതിനാണ് ഗഡുക്കളായി ശമ്പളം നൽകുന്നതിനുള്ള പദ്ധതി അവതരിപ്പിച്ചത്. ഇതിനെ ജീവനക്കാർ എതിർക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു.

നേരത്തെ ശമ്പള വിതരണത്തിൽ പുതിയ ഉത്തരവുമായി കെ.എസ്.ആർ.ടി.സി രംഗത്തെത്തിയിരുന്നു. അഞ്ചാം തീയതി തന്നെ ശമ്പളം വേണ്ടവർക്ക് കെ.എസ്.ആർ.ടി.സി ഫണ്ടിൽ നിന്ന് ആദ്യ ഗഡു നൽകും. ബാക്കി തുക സർക്കാർ സഹായം ലഭിച്ച ശേഷം നൽകാനാണ് തീരുമാനം.

കഴിഞ്ഞ മാസത്തെ ശമ്പള വിതരണം തന്നെ വലിയ പ്രതിസന്ധിയിലായിരുന്നു എന്നായിരുന്നു കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചത്. സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ടിട്ടും 30 കോടി മാത്രമാണ് ലഭിച്ചതെന്നും ഇതുകൊണ്ട് തന്നെ പല ശ്രോതസ്സുകളിൽ നിന്നായി പണമെടുക്കേണ്ടി വന്നുവെന്നും കെ.എസ്.ആർ.ടി.സി കോടതിയിൽ വ്യക്തമാക്കി. ശമ്പളം ലഭിക്കാത്തതിൽ ജീവനക്കാർക്കുള്ള മനോവിഷമം മനസ്സിലാക്കിയാണ് പുതിയ നടപടിയെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം.

കെ.എസ്.ആർ.ടി.സിയുടെ പക്കലുള്ള തുകയും ഓവർ ഡ്രാഫ്റ്റും ചേർത്താണ് ആദ്യ ഗഡു നൽകുക. സർക്കാർ സഹായം എപ്പോൾ ലഭിക്കുന്നുവോ അപ്പോൾ അടുത്ത ഗഡുവും നൽകും. അഞ്ചാം തീയതി തന്നെ ശമ്പളം വേണ്ട, മുഴുവനായി മതി എന്നുള്ളവർക്ക് അങ്ങനെ നൽകുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ശമ്പളം ആവശ്യമുള്ളവർ സമ്മതപത്രം നൽകേണ്ടി വരും.

Tags:    
News Summary - Antony Raju says getting half salary before 5th is good for KSRTC employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.