തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന അനുപമയുടെ പരാതിയിൽ ഡി.എൻ.എ പരിശോധനക്കുള്ള സാമ്പിളുകൾ ശേഖരിച്ചു. കുഞ്ഞ്, അനുപമ, ഭർത്താവ് അജിത്കുമാർ എന്നിവരുടെ സാമ്പിളുകളാണ് തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ചത്.
ബുധനാഴ്ച ഫലം ലഭിക്കുമെന്നാണ് അറിയിച്ചതെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കുഞ്ഞിന്റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന സംശയം ഇപ്പോഴുമുണ്ടെന്നും അനുപമ വ്യക്തമാക്കി.
ഇന്നലെ രാത്രിയാണ് ദത്ത് നൽകിയ കുഞ്ഞിനെ പ്രത്യേകസംഘം വിമാനമാർഗം ആന്ധ്രാപ്രദേശിൽ നിന്ന് തലസ്ഥാനെത്തത്തിച്ചത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചൈൽഡ് വെൽെഫയർ കൗൺസിലിന്റെ സോഷ്യൽ വർക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രയിലെത്തി ദമ്പതികളിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനെ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ മേൽനോട്ടത്തിലുള്ള സംഘം ഏറ്റുവാങ്ങി. തുടർന്ന് കുഞ്ഞിനെ കുന്നുകുഴിയിലെ നിർമല ശിശുഭവനിലേക്ക് മാറ്റി. ഈ മാസം 18നാണ് കുഞ്ഞിനെ അഞ്ചു ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് ജില്ല ചൈൽഡ് വെൽെഫയർ കമ്മിറ്റി ചൈൽഡ് വെൽെഫയർ കൗൺസിലിന് നിർദേശം നൽകിയത്.
ഒക്ടോബർ 14നാണ് താനറിയാതെ കുഞ്ഞിനെ മാതാപിതാക്കൾ ചേർന്ന് ദത്ത് നൽകിയെന്ന ആരോപണവുമായി പേരൂർക്കട സ്വദേശി അനുപമ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.