കോവിഡ് ബാധിച്ച് മരിച്ച തേവന്‍റെ മൃതദേഹം സംസ്കരിക്കാൻ അൻവർ സാദത്ത് എം.എൽ.എയും സംഘവും തയ്യാറെടുക്കുന്നു

കോവിഡ് മരണങ്ങളിൽ സംസ്കാരത്തിന് നേതൃത്വം നൽകി അൻവർ സാദത്ത് എം.എൽ.എ

ആലുവ: കോവിഡ് മരണങ്ങളിൽ സംസ്കാരത്തിന് നേതൃത്വം നൽകി അൻവർ സാദത്ത് എം.എൽ.എ. ജനങ്ങൾ പൊതുവിൽ ഭയപ്പാടോടെ മാറി നിൽക്കുമ്പോൾ ജനപ്രതിനിധിയെന്ന നിലയിൽ തന്‍റെ ഉത്തരവാദിത്വം നിർവഹിച്ച് മാതൃകയാകുകയാണ് അദ്ദേഹം. ആലുവ നൊച്ചിമ സ്വദേശിയുടെ സംസ്കാരം കഴിഞ്ഞ ദിവസം എം.എൽ.എയുടെ നേതൃത്വത്തിലാണ് നടന്നത്.

നൊച്ചിമ താണിച്ചോട് വീട്ടിൽ തേവനാണ് (72) ചികിത്സയിലിരിക്കെ മരിച്ചത്. കുറച്ച് ദിവസം മുൻപ് പനിയെ തുടർന്ന് ആലുവ ജില്ല ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് തെളിഞ്ഞത്. തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മൂന്ന് പെൺമക്കളും ഒരു മകനുമാണ് തേവനുണ്ടായിരുന്നത്. ഇതിൽ മകൻ കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടർന്ന് 20 ദിവസം മുൻപ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് തേവനടക്കം കുടുംബത്തിലെ എല്ലാവർക്കും കോവിഡ് ബാധിച്ചത്. ഇതുമൂലം ഭാര്യയും മറ്റ് മക്കളും ആലുവ യു.സി കോളജ് കോവിഡ് കേന്ദ്രത്തിൽ ചികിത്സയിലാണ്. അതിനാൽ തന്നെ തേവന്‍റെ മൃതദേഹം സംസ്കരിക്കാൻ നിർവ്വാഹമില്ലാതായി.

ശ്മശാനത്തിൽ അടക്കാനുള്ള പണവും ഇവർക്കുണ്ടായിരുന്നില്ല. ഇതേ തുടർന്ന് കുടുംബം എം.എൽ.എയുടെ സഹായം തേടുകയായിരുന്നു. ഉടനെ തന്നെ കളമശേരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ എം.എൽ.എ ഏർപ്പാടാക്കുകയും അവിടത്തെ ഫീസായ 3200 രൂപ അടക്കുകയും ചെയ്തു. തുടർന്ന് മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി തന്‍റെ നേതൃത്വത്തിൽ സംസ്കരിക്കുകയും ചെയ്തു.

എം.എൽ.എയോടൊപ്പം യൂത്ത് കോൺഗ്രസ് എടത്തല മണ്ഡലം പ്രസിഡൻറ് സിദീഖ് മീന്ത്രക്കൽ, തേവന്‍റെ ബന്ധുവായ കിരൺ, ശ്മശാനം ജീവനക്കാരൻ ഷാജി എന്നിവരും സംസ്കാരത്തിൽ പങ്കെടുത്തു. ഞായറാഴ്ച്ച പറമ്പയം ജുമാമസ്ജിദിൽ നടന്ന, കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരവും എം.എൽ.എയുടെ നേതൃത്വത്തിലാണ് നടന്നത്. കെ.എം.ബാവയുടെ സംസ്കാരമാണ് നാട്ടിലെ ചെറുപ്പക്കാരുടെ സഹകരണത്തോടെ നടത്തിയത്.

ആലുവയിൽ ആര് കോവിഡ് ബാധിച്ച് മരിച്ചാലും സംസ്കാരത്തിന് താൻ നേതൃത്വം നൽകാനുണ്ടാകുമെന്ന് എം.എൽ.എ പറഞ്ഞു. കോവിഡ് വ്യാപനം ഗുരുതരമാണെന്നും മരണസംഖ്യ കൂടുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ പൊതുജനങ്ങൾ സംസ്കാരത്തിനടക്കം മുന്നോട്ട് വരേണ്ടതുണ്ട്. അതിന് പ്രചോദനം നൽകാൻ കൂടിയാണ് താൻ സംസ്കാരത്തിൻറെ നേതൃത്വം ഏറ്റെടുത്തത്. ഇതിനായി യുവാക്കളുടെ കൂട്ടായ്മകൾ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.