പൊലീസിനെതിരെ പരാതി അറിയിക്കാൻ വാട്സ് ആപ്പ് നമ്പറുമായി പി.വി. അൻവർ

നിലമ്പൂർ: പൊലീസിനെതിരെ പരാതി അറിയിക്കാൻ വാട്സ് ആപ്പ് നമ്പർ പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഭയപ്പെട്ട് പുറത്ത് പറയാത്ത സംഭവങ്ങളെല്ലാം അറിയിക്കാനുള്ള അവസരമാണെന്നും കേരളത്തിലെ സഖാക്കളും താനും പൊലീസിലെ പുഴുക്കുത്ത് പുറത്തുകൊണ്ടുവരുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

അഴിമതി കണ്ടെത്താൻ കെ.ടി. ജലീലിന്‍റെ സ്റ്റാർട്ടപ്പ് ആവശ്യമില്ലെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചിരുന്നു. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി പോർട്ടൽ തുടങ്ങുമെന്നുമുള്ള ജലീലിന്‍റെ വാക്കുകൾക്ക് മറുപടിയായാണ് ഗോവിന്ദന്‍റെ പ്രതികരണം. ഇതിനു പിന്നാലെയാണ് പൊലീസിനെതിരെ പരാതി അറിയിക്കാൻ അൻവർ വാട്സ് ആപ്പ് നമ്പർ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും കൊടുത്ത പരാതിയിൽ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ പേര് പറഞ്ഞിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അൻവർ പറഞ്ഞു.

നിലമ്പൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുൻ മലപ്പുറം എസ്‌.പി സുജിത് ദാസിനും അദ്ദേഹത്തിന്‍റെ ഡാൻസാഫ് സംഘത്തിനുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളാണ് അൻവർ നടത്തിയത്. എടവണ്ണയിൽ വെടിയേറ്റ് കൊല്ലപ്പെട്ട റിദാൻ ബാസിലിന്‍റെ മരണത്തിൽ പൊലീസിന് പങ്കുണ്ടെന്ന് സംശയിക്കുന്നു. രാത്രി പത്ത് മണി കഴിഞ്ഞാൽ കരിപ്പൂർ വിമാനത്താവള പരിസരത്ത് കടകൾക്ക് പ്രവർത്തനാനുമതി നൽകാതെ ഉത്തരവിറക്കിയത് സുജിത് ദാസാണ്. പ്രദേശം വിജനമാക്കി കള്ളക്കടത്തുകാരെ സഹായിക്കാനാണ് പൊലീസ് ഈ ഉത്തരവിറക്കിയത്. കരിപ്പൂർ കള്ളക്കടത്തിന്‍റെ പ്രധാന കേന്ദ്രമാണെന്നും അദ്ദേഹം ആരോപിച്ചു.

കരിപ്പൂർ എയർപോർട്ടിലെ കള്ളക്കടത്ത് മൂന്നു വർഷമായി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പിടിച്ചത്. പിടിക്കുന്ന സ്വർണത്തിൽ വലിയൊരു പങ്ക് പൊലീസ് അടിച്ചുമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

റിദാൻ വധക്കേസിൽ തെളിവ് നശിപ്പിക്കാൻ സാധ്യത കൂടുതലാണ്, കേസന്വേഷണം തിരിച്ചുവിടാന്‍ പൊലീസിലെ ചിലർ ശ്രമിക്കും. റിദാന്റെ ഭാര്യയും പ്രതിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ പൊലീസ് ശ്രമിച്ചു. ഭർത്താവ് മരിച്ച് മൂന്നാം ദിവസം ഭാര്യയായ പെണ്‍കുട്ടിയെ ഭീകരമായി മർദിച്ചു. കേസിലെ നിർണായകമായ രണ്ട് ഫോണുകൾ കണ്ടെത്തിയില്ല. കേസില്‍ പുനരന്വേഷണമോ, സി.ബി.ഐ അന്വേണമോ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നാലുദിവസം അരിച്ചുപെറുക്കിയ ഷാന്റെ വീട്ടിൽ നിന്ന് പൊലീസ് തോക്ക് കണ്ടെടുത്തതിൽ ദുരൂഹതയുണ്ടെന്നും അൻവർ പറഞ്ഞു.

Tags:    
News Summary - Anwar with WhatsApp number to file a complaint against the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.