മലയോര മേഖലകളിൽ ഉൾക്കൊള്ളാവുന്ന ടൂറിസ്റ്റുകളെത്ര? പഠനം നടത്തണമെന്ന് ഹൈകോടതി

കൊച്ചി: വയനാട് അടക്കം സംസ്ഥാനത്തെ മലയോര (ഹിൽ സ്റ്റേഷൻ) ടൂറിസം മേഖലകളിൽ ഒരേസമയം എത്രപേരെ ഉൾക്കൊള്ളാനാവുമെന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന് ഹൈകോടതി.

അമിതമായ തിരക്ക് ഹിൽ സ്റ്റേഷനുകളെ നശിപ്പിക്കുന്ന അവസ്ഥയുണ്ട്. പ്രദേശവാസികളാണ് ഇതിന്‍റെ ദുരന്തം അനുഭവിക്കുന്നത്. അതിനാൽ, ഒരോ മേഖലയിലും സാധ്യമായ താമസസൗകര്യം, ജലം, വൈദ്യുതി ലഭ്യത, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ടൂറിസം പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്നതും പരിശോധിക്കണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. മൂന്നാഴ്ചക്കകം ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകണം. വയനാട് ദുരന്തത്തെതുടർന്ന് സ്വമേധയാ എടുത്ത ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.

വയനാട് ദുരന്തത്തെതുടർന്ന് ക്യാമ്പിലുണ്ടായിരുന്നവരെയെല്ലാം സർക്കാർ ക്വാർട്ടേഴ്സുകളിലേക്കും വീടുകളിലേക്കും മാറ്റിയതായി അഡ്വക്കറ്റ് ജനറൽ അറിയിച്ചു. ഇക്കാര്യത്തിൽ കലക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സെല്ലും തുടങ്ങി. കേന്ദ്ര സർക്കാറിന്റെ കീഴിലെ ഏഴ് വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ഉടൻ വയനാട്ടിൽ പരിശോധനക്കായി എത്തും. കൂടുതൽ സഹായത്തിനായി കേന്ദ്രസർക്കാറിനെ സമീപിക്കും.

വയനാട് ദുരന്തബാധിത മേഖലയിലുള്ളവരുടെ ബാങ്ക് വായ്പയുടെ കാര്യത്തിൽ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് പരിഗണിക്കണമെന്നും അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലടക്കം വിശദീകരണത്തിന് സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ ആറാഴ്ച സമയം തേടി. വയനാട് അടക്കമുള്ള മേഖലകളെ യഥാർഥ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

കോടതിയെ അറിയിച്ച് മാത്രമേ വയനാട് തുരങ്കപാത നിർമാണം ആരംഭിക്കാവൂ. പാത നിർമാണത്തിന്റെ ശാസ്ത്രീയ വശങ്ങൾ അറിയില്ലെന്നും ഇക്കാര്യത്തിലെ സർക്കാർ തീരുമാനത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ കോടതി തുടർന്നാണ് നിർമാണം തുടങ്ങുമ്പോൾ അറിയിക്കണമെന്ന നിർദേശംവെച്ചത്.

കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ ഏഴുവർഷം കഴിയണമെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കേണ്ടതുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടിയപ്പോൾ, സർക്കാർതന്നെ തീരുമാനമെടുക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ദുരിതബാധിതരായ കുട്ടികൾ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് ശിശുക്ഷേമ സമിതിയോട് കോടതി നിർദേശിച്ചു.

Tags:    
News Summary - How many tourists accommodated in hilly areas - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.