കണ്ണൂർ: ലോകത്തിലെ തന്നെ ഏറ്റവും സുശക്തമായ ജനാധിപത്യ പ്രസ്ഥാനത്തിലേക്ക് തന്നെ സ്വീകരിച്ചത് ഏതോ മുജ്ജൻമ സുകൃതമായി താൻ കാണുന്നുവെന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ബി.ജെ.പിയിൽ ചേർന്ന മുൻ എം.പി എ.പി അബ്ദുല്ലക്കുട്ടി. ചെയ്യാത്ത തെറ്റിൻെറ പേരിൽ കേരളത്തിലെ ഇടത് വലത് രാഷ്ട്രീയം പടിയടച്ച് പിണ്ഡം വെച്ച ഒരു പ്രവർത്തകനാണ് താൻ. സ്വന്തം പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് ലോകചരിത്രത്തിലെ ആദ്യമായി പുറത്തായ വ്യക്തിയായിരിക്കും താൻ. ബി.ജെ.പി ന്യൂനപക്ഷ സമുദായത്തിന് എതിരാണെന്നത് ഒരു കളവാണ്. ബി.ജെ.പിയെന്ന മഹാ പ്രസ്ഥാനത്തെ ഇന്ത്യയും ലോകവും തെറ്റിദ്ധരിച്ചിരിക്കുന്നു. മഹാത്മാ ഗാന്ധിയുടെ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന പ്രസ്ഥാനമാണ് ബി.ജെ.പിയെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. കണ്ണൂർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയിലേക്ക് ചേർന്നപ്പോൾ താൻപറഞ്ഞത് ഇനി എന്നെ ദേശീയ മുസ്ലം എന്നു വിളിക്കണമെന്നായിരുന്നു. എന്നാലിപ്പോൾ അതിൻെറ പേരിൽ എന്നെ ട്രോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ മുസ്ലിം ചെറുപ്പക്കാർ തെറ്റിദ്ധരിക്കപ്പെട്ടതിനാലാണ് തന്നെ കളിയാക്കുന്നത്. ദേശീയ മുസ്ലിം എന്ന് താൻ ബോധപൂർവം ഉപയോഗിച്ചതാണ്. മുഹമ്മദലി ജിന്ന വിഭജനത്തിൻെറ രാഷ്ട്രീയം മുന്നോട്ട് വെച്ചപ്പോൾ ഖാൻ അബ്ദുൽ ഖാഫർഖാനേയും അബുൽ കലാം ആസാദിനേയും പോലുള്ളവർ ഈ രാജ്യത്തിൻെറ മഹാ പൈതൃകത്തിനും സംസ്കാരത്തിനും ഒപ്പമാണെന്ന് പ്രഖ്യാപിച്ചവരാണ്. ജനിച്ച മണ്ണിൽ ജീവിച്ച് മരിക്കുന്ന ദേശീയ മുസ്ലിംകളാണെന്ന് പ്രഖ്യാപിച്ച ആ ചരിത്ര ഘട്ടത്തെ അനുസ്മരിപ്പിക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയില്ലാത്ത, സത്യസന്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദി. പൊതു പ്രവർത്തനം തപസായി കൊണ്ടുനടക്കുന്ന നേതാവാണ് അദ്ദേഹം. നരേന്ദ്രമോദിയുടെ ഗുജറാത്തിൽ ഒരു വ്യവസായിയും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
ഇന്ന് രാവിലെ മംഗലാപുരത്തു നിന്ന് കണ്ണൂരിലെത്തിയ അബ്ദുല്ലക്കുട്ടിയെ ബി.ജെ.പി സംസ്ഥാന,ജില്ലാ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. തുടർന്ന് അദ്ദേഹം ബി.ജെ.പി ഓഫീസിെല മാരാർ പ്രതിമയിൽ ഹാരാർപ്പണം നടത്തി. മോദി സ്തുതിയെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ അബ്ദുല്ലക്കുട്ടി ബി.ജെ.പി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.