കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിലെ ആശങ്കകൾ അറിയിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, നിയമ മന്ത്രി, നിയമ കമീഷൻ എന്നിവർക്ക് നിവേദനം നൽകി. ഏക സിവിൽ കോഡ് ഇന്ത്യയുടെ ബഹുസ്വരതയും വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിലേക്കും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലേക്കും വഴിവെക്കുമെന്നും കേന്ദ്രസർക്കാർ പുനരാലോചന നടത്തണമെന്നും കാന്തപുരം നിവേദനത്തിൽ ആവശ്യപ്പെട്ടു.
സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങൾ നിലനിൽക്കെയാണ് ഇന്ത്യ ഇന്ന് കാണുന്ന പ്രതാപവും വികസനവും കൈവരിച്ചത്. മതേതര ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷ-ന്യൂനപക്ഷ വേർതിരിവില്ലാതെ എല്ലാ വിഭാഗങ്ങളെയും സർക്കാർ ഒരുപോലെ പരിഗണിക്കേണ്ടതുണ്ടെന്നും കത്തിൽ സൂചിപ്പിച്ചു.
വിശ്വാസികളുടെ രീതികളും ചര്യകളും തനത് രൂപത്തിൽതന്നെ പിന്തുടരാനുള്ള അവകാശം എക്കാലത്തും നിലനിൽക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് കൂടുതൽ സൗന്ദര്യമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഓരോ മതവിശ്വാസികളും പവിത്രമായി കാണുന്ന പാരമ്പര്യരീതികൾ പിന്തുടരാൻ അവകാശമുണ്ടാവണം.
വിവിധ ഗോത്ര വിഭാഗങ്ങൾ ഏകീകൃത സിവിൽ കോഡിൽ ആശങ്ക അറിയിച്ചു മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉചിതമായ തീരുമാനം സ്വീകരിക്കണമെന്നും കാന്തപുരം നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.