കൊച്ചി: വിവിധ വകുപ്പുകളിലെ എല്ലാ അധ്യാപക ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കി സംവരണം പാലിച്ച് നിയമനം നടത്താനുള്ള സർവകലാശാല ആക്ട് ഭേദഗതിയും ഇതിെൻറ അടിസ്ഥാനത്തിൽ 2017ൽ നടത്തിയ നിയമന വിജ്ഞാപനവും ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ഭേദഗതിയും വിജ്ഞാപനവും റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവ് വസ്തുതകൾ വിലയിരുത്താതെയാണെന്ന് ചൂണ്ടിക്കാട്ടി സർക്കാറും സർവകലാശാലയും നിയമനം ലഭിച്ച ഒരു കൂട്ടം ഉദ്യോഗാർഥികളും നൽകിയ അപ്പീൽ ഹരജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഭേദഗതിയുടെ അടിസ്ഥാനത്തിൽ സർവകലാശാല നടത്തിയ നിയമനങ്ങളും ശരിവെക്കുന്നതാണ് ഉത്തരവ്.
നിയമ ഭേദഗതിയിലൂടെ ഒരു തസ്തികയിലേക്കുള്ള നിയമനത്തിൽ എല്ലാ വകുപ്പുകളും ഒറ്റ യൂനിറ്റായി കണക്കാക്കിയപ്പോൾ ചില വകുപ്പുകളിൽ സംവരണ വിഭാഗക്കാരും ചില വകുപ്പുകളിൽ സംവരണമില്ലാത്ത വിഭാഗക്കാരും മാത്രം നിയമിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടി കാലിക്കറ്റ് സർവകലാശാല ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി. രാധാകൃഷ്ണപ്പിള്ള, കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി. വിജയലക്ഷ്മി, സൊെസെറ്റി ഫോർ സോഷ്യൽ സർെവയ്ലൻസ് എന്നിവർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. എന്നാൽ, വകുപ്പുകളും വിഷയവും ഒാരോ യൂനിറ്റാക്കി നിയമനം നടത്തുന്നത് സംവരണ നിയമനം ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നായിരുന്നു അപ്പീൽ ഹരജികളിലെ വാദം. വകുപ്പുകളും വിഷയവും കേന്ദ്രീകരിച്ച് നിയമനം നടത്തുേമ്പാൾ പലപ്പോഴും ഒറ്റ ഒഴിവ് മാത്രമേ ഉണ്ടാകാറുള്ളു. നൂറുശതമാനം സീറ്റിലേക്കും സംവരണം അനുവദനീയമല്ലാത്തതിനാൽ ഒറ്റ ഒഴിവിൽ സംവരണം നടപ്പാക്കാൻ സാധിക്കാറില്ല. ഇതിന് പരിഹാരമായാണ് വിവിധ വകുപ്പുകളിലെ ഒരേ തസ്തികകളെ ഒരേ യൂനിറ്റായി കണ്ട് ഭേദഗതി കൊണ്ടുവന്നത്. ഒരേ കാറ്റഗറിയിലുള്ളവരുടെ യോഗ്യതയും ജോലിയും ശമ്പളവുമെല്ലാം സമാനമായതിനാല്‍ ഇത്തരത്തില്‍ കണക്കാക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു അപ്പീൽ ഹരജികളിലെ വാദം.
വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഒരു യൂനിറ്റായി പരിഗണിച്ച് നിയമനം നടത്തുന്നത് ഭരണഘടനാവിരുദ്ധവും സ്വേച്ഛാപരവുമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഒന്നിലേറെ തസ്തികകൾ ലഭ്യമാകുംവിധം ഒഴിവുകൾ ഒരു യൂനിറ്റ് ആക്കിയത് സംവരണം ഫലപ്രദമായി നടപ്പാക്കണമെന്ന ഉദ്ദേശ്യത്തോടെയാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. അധ്യാപക തസ്തികയിലെ നേരിട്ടുള്ള നിയമനങ്ങളിൽ സംവരണം നടപ്പാക്കാൻ സർവകലാശാല, കോളജ്, സ്ഥാപനം എന്നിവയെ ഒറ്റ യൂനിറ്റായി പരിഗണിക്കണമെന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ അംഗീകരിച്ചതാണ്. ഈ ഉത്തരവിെൻറ അടിസ്ഥാനത്തിൽ നിയമനം നടത്താൻ യു.ജി.സി നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർവകലാശാല ആക്ടിൽ ഇതിനനുസൃതമായി ഭേദഗതി കൊണ്ടുവരുന്നത് സ്വേച്ഛാപരമോ യുക്തിരഹിതമോ ഭരണഘടനാവിരുദ്ധമോ ആവില്ല. അതിനാൽ, 2017 ഒക്ടോബർ 25ലെ സർവകലാശാല ഉത്തരവും ഇത് നിലവിൽ വരുത്തി നവംബർ 27ന് പുറപ്പെടുവിച്ച വിജ്ഞാപനവും നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.