വി.സി നിയമനം: യു.ജി.സി ചട്ടം തർക്കവിഷയം

കൊച്ചി: വൈസ് ചാൻസലർ (വി.സി) നിയമനത്തിന് യു.ജി.സി നിഷ്കർഷിക്കുന്ന നിബന്ധനകളുടെ നിയമസാധുത തർക്കവിഷയം. പാർലമെന്‍റ് പാസാക്കിയ യു.ജി.സി ആക്ടിൽ വി.സി നിയമനത്തെക്കുറിച്ച് പരാമർശമില്ല. അതേസമയം, യു.ജി.സി തയാറാക്കിയ ചട്ടങ്ങളിലാണ് വി.സി നിയമനത്തിന് നിബന്ധനകൾ പറയുന്നത്.

യു.ജി.സി ആക്ടിൽ വി.സി നിയമനത്തെക്കുറിച്ച് പരാമർശിക്കാതിരിക്കെ യു.ജി.സി തയാറാക്കിയ ചട്ടം പാലിക്കാൻ സംസ്ഥാന സർക്കാറുകൾ ബാധ്യസ്ഥമാണോ എന്നതാണ് തർക്കവിഷയമെന്ന് നിയമ വിദഗ്ധർ പറയുന്നു. ഈ വസ്തുത കോടതികളിൽ ആരും ചോദ്യംചെയ്തിട്ടുമില്ല. യു.ജി.സി നിബന്ധനകൾ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അടക്കം വി.സി നിയമനം റദ്ദാക്കുന്നത്. യു.ജി.സി ചട്ടത്തിന്‍റെ നിയമസാധുത ചോദ്യംചെയ്യപ്പെടാത്തിടത്തോളം ചട്ടം അനുസരിച്ചുള്ള വ്യാഖ്യാനങ്ങളെ കോടതികളിൽ നിന്നുണ്ടാവൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുന്നതിനുള്ള ചട്ടങ്ങൾ യു.ജി.സിക്ക് തയാറാക്കാം എന്ന് യു.ജി.സി ആക്ടിലെ നാലാം അധ്യായത്തിൽ പറയുന്നുണ്ട്. വി.സി നിയമനത്തിന് ചട്ടം തയാറാക്കിയിരിക്കുന്നത് ഇതിന്‍റെ അടിസ്ഥാനത്തിലാണെന്നാണ് കരുതുന്നത്. യു.ജി.സി ചട്ടത്തിൽ അവസാനഭാഗത്ത് 7.3ാം ഖണ്ഡികയിലാണ് വി.സി നിയമന വ്യവസ്ഥകൾ പറയുന്നത്.

പാർലമെന്‍റ് പാസാക്കിയ നിയമത്തെ അധികരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ചട്ടങ്ങൾ തയാറാക്കുന്നത്. ഇത് പാർലമെന്‍റിന്‍റെ മേശപ്പുറത്ത് വെക്കാറുണ്ട്. എന്നാൽ, അത് പാസാക്കാറില്ല എന്ന് നിയമവിദഗ്ധർ പറയുന്നു. പാർലമെന്‍റ് പാസാക്കുന്ന ഏത് നിയമത്തെ അധികരിച്ചും റൂൾസും റെഗുലേഷനും തയാറാക്കുന്നത് അതേ ആക്ടിന്‍റെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കണമെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി 'മാധ്യമ'ത്തോട് പറഞ്ഞു.

യു.ജി.സി ആക്ടിൽ ഒരിടത്തും വൈസ് ചാൻസലർ നിയമനത്തെക്കുറിച്ച് പറയുന്നില്ല. പിന്നെ എങ്ങനെയാണ് വി.സി നിയമനത്തെക്കുറിച്ച് യു.ജി.സി ചട്ടം ഉണ്ടാക്കിയത് എന്നതാണ് ഉയരുന്ന ചോദ്യമെന്ന് പി.ഡി.ടി. ആചാരി പറഞ്ഞു. സാങ്കേതിക സർവകലാശാലയുടെ കാര്യത്തിൽ ചട്ടങ്ങൾ നിയമത്തിന്‍റെ ഭാഗമാണെന്നേ സുപ്രീംകോടതി പറഞ്ഞിട്ടുള്ളൂ. അതിന്‍റെ വിശദാംശങ്ങളിലേക്ക് പോയിട്ടില്ല.

നിയമത്തിന്‍റെ അതേ ഗണത്തിൽ ചട്ടവും പരിഗണിക്കപ്പെടുമോ, കേന്ദ്ര നിയമത്തിൽപെടാത്തത് ചട്ടത്തിൽ പറഞ്ഞാൽ പാലിക്കേണ്ടതുണ്ടോ എന്നീ കാര്യങ്ങളിൽ കോടതിയുടെ തീർപ്പുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Appointment of VC-controversial-UGC rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.