എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടണം -വെൽഫെയർ പാർട്ടി

കോഴിക്കോട്: എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടണമെന്നും പൊതുമേഖലയിലും സ്വകാര്യ മേഖലയിലും സംവരണം പാലിക്കണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രക്ഷോഭം ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ശമ്പള പരിഷ്കകരണ കമീഷന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് സർക്കാർ ശമ്പളം പറ്റുന്ന 5,15,639 ഉദ്യോഗസ്ഥരിൽ 1,38,574 പേർ ജോലി ചെയ്യുന്നത് എയ്ഡഡ് മേഖലയിലാണ്. ഇവർക്ക് ശമ്പളം, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾക്ക് സർക്കാർ ചെലവഴിക്കുന്നത് പ്രതിവർഷം ഏകദേശം 10,000 കോടി രൂപയോളമാണ്. എന്നാൽ, ഈ മേഖലയിൽ സംവരണം നിലവിലില്ല. എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനെ അനുകൂലിച്ച എം.ഇ.എസ്, എസ്.എൻ.ഡി.പി യോഗം എന്നിവയുടെ തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് നിയമനങ്ങളിൽ പട്ടികജാതി വിഭാഗങ്ങൾക്കോ പിന്നാക്ക വിഭാഗങ്ങൾക്കോ പ്രാതിനിധ്യം ലഭിക്കുന്നില്ല. വിഷയത്തിൽ വെൽഫെയർ പാർട്ടി ഒറ്റക്കും പട്ടികജാതി-വർഗ വിഭാഗങ്ങളെയും ഒ.ബി.സി സമുദായങ്ങളെയും ഏകോപിപ്പിച്ച് ജനസമ്പർക്ക പരിപാടികളും പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്യും. സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, ജില്ല സെക്രട്ടറി മുസ്തഫ പാലാഴി, വൈസ് പ്രസിഡന്‍റ് എ.പി. വേലായുധൻ എന്നിവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.