തേക്കടി: ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 60 ചതുരശ്ര മീറ്റർ (645.83 ചതുരശ്ര അടി) വരെയുള്ള വീടുകളെ വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കിയ നടപടിക്ക് മന്ത്രിസഭയുടെ അംഗീകാരം. സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെയാണ് വസ്തുനികുതിയിൽനിന്ന് ഒഴിവാക്കിയത്. നവകേരള സദസ്സിനായി ഇടുക്കിയിലെത്തിയ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തേക്കടിയിലെ ബാംബൂ ഗ്രോവിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതി സ്ഥാപിക്കും. നിലവിൽ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരിധിയിൽ വരുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അധികാരപരിധി നൽകിയാണ് പുതിയ കോടതി സ്ഥാപിക്കുന്നത്. കോടതിക്കും പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസിനുമായി 13 പുതിയ തസ്തിക സൃഷ്ടിക്കും. കേരള റോഡ് ഫണ്ട് ബോർഡിലേക്ക് ഉദ്യോഗസ്ഥരെ നിയമിച്ചതിന്റെ ഫലമായി പൊതുമരാമത്ത് വകുപ്പിൽ ഉണ്ടായ 71 ഒഴിവിലേക്ക് പി.എസ്.സി മുഖേന നിയമനം നടത്തും.
കണ്ണൂർ വിമാനത്താവള കാറ്റഗറി ഒന്ന് ലൈറ്റിങ്ങിന് ഏറ്റെടുത്ത ഭൂമിയോട് ചേർന്നുകിടക്കുന്നതും ഏറ്റെടുത്തതിൽ ബാക്കിനിൽക്കുന്നതുമായ അഞ്ച് കുടുംബങ്ങളുടെ 71.85 സെന്റ് ഭൂമി സുരക്ഷ മുൻനിർത്തി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി.ഇതിന് ആവശ്യമായ ഫണ്ടിന് വിശദ ശിപാർശ സമർപ്പിക്കാൻ കണ്ണൂർ ജില്ല കലക്ടറെ ചുമതലപ്പെടുത്തി. ധനവകുപ്പ് പരാമർശിക്കുന്ന 14 കുടുംബങ്ങളുടെ വസ്തു ഏറ്റെടുക്കുന്നതിന് ആവശ്യമായ ഫണ്ട് അടിയന്തരമായി ലഭ്യമാക്കുന്നതിന് ശിപാർശ സമർപ്പിക്കാനും കലക്ടറെ ചുമതലപ്പെടുത്തി. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെ. ഹരികുമാറിന്റെ സേവന കാലാവധി ദീർഘിപ്പിച്ചു. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജോർജി നൈനാന് പുനർനിയമനം നൽകാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.