പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ ഇടശ്ശേരിമല, ഇടക്കുളം പള്ളിയോടങ്ങൾ ജേതാക്കൾ. എ ബാച്ചിൽ വിജയിച്ച് ഇടശ്ശേരിമല പള്ളിയോടവും ബി ബാച്ചിൽ വിജയിച്ച് ഇടക്കുളം പള്ളിയോടവും മന്നം ട്രോഫി നേടി. ഇടപ്പാവൂര്‍ പേരൂരും ഇടപ്പാവൂരും എ, ബി ബാച്ചുകളില്‍ രണ്ടാമതെത്തി. ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു. ഉടൻ തന്നെ ഫയർ ഫോഴ്സ് രംഗത്തിറങ്ങി രക്ഷാപ്രവർത്തനം നടത്തിയതിനാൽ ആളപായമൊഴിവായി.
48 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയിൽ പങ്കെടുത്തത്. എ ബാച്ച് പള്ളിയോടങ്ങൾക്ക് ഒമ്പത് ഗ്രൂപ്പുകളുണ്ടായിരുന്നു. ആദ്യത്തെ അഞ്ച് ഗ്രൂപ്പുകളിൽ നാല് വീതം പള്ളിയോടങ്ങളും പിന്നീട് മൂന്നുവീതം പള്ളിയോടങ്ങളും ഒന്നിച്ചു തുഴഞ്ഞു. മേലുകര, ഇടശേരിമല, മാലക്കര, ഇടപ്പാവൂർ - പേരൂർ, അയിരൂർ, പൂവത്തൂർ പടിഞ്ഞാറ്, നെല്ലിക്കൽ, നെടുമ്പ്രയാർ, ഇടയാറന്മുള കിഴക്ക് പള്ളിയോടങ്ങളാണ് പ്രഥമപാദ മത്സരത്തിൽ ഒന്നാമതെത്തിയത്. 2017ന് ശേഷം ആദ്യമായാണ് പരമ്പരാഗത ശൈലി പിന്തുടർന്ന് ഉത്രട്ടാതി വള്ളം കളി നടത്തുന്നത്. ഫൈനൽ മത്സരങ്ങൾ അഞ്ച് മണിക്ക് നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പള്ളിയോടങ്ങളുടെയും കരക്കാരുടെയും ആവേശത്തിൽ മത്സരം സന്ധ്യ കഴിഞ്ഞാണ് തീർന്നത്. ഇടക്ക് ശക്തമായ മഴയുണ്ടായെങ്കിലും കരക്കാരുടെ ആവേശത്തിന് കുറവുണ്ടായില്ല.
പുറത്ത് നിന്നുള്ള തുഴച്ചിൽക്കാരെ എത്തിച്ചുവെന്ന് ആരോപിച്ച് പള്ളിയോടങ്ങൾ തമ്മിൽ തർക്കമുണ്ടായി. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ജലോത്സവം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.എസ്. രാജൻ അധ്യക്ഷത വഹിച്ചു. ജലഘോഷയാത്ര മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. സുവനീർ പ്രകാശനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. ഒന്നാം സമ്മാനാര്‍ഹരായ ഇടക്കുളത്തിനും ഇടശ്ശേരിമലയ്ക്കും എന്‍.എസ്.എസ്. ട്രഷറര്‍ അഡ്വ.എന്‍.വി. അയ്യപ്പന് പിള്ള മന്നം ട്രോഫി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.