കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വൈദികർക്കടക്കം കർശന നിർദേശങ്ങളുമായി പുതിയ സർക്കുലർ. നവംബർ നാലിന് തിരുപ്പട്ടം സ്വീകരിക്കുന്ന ഡീക്കൻമാർ ഉൾപ്പെടെ ഏകീകൃത കുർബാന മാത്രമേ അർപ്പിക്കാവൂ എന്നും ഇടവകകളിൽ ഇത്തരം കുർബാന അർപ്പണത്തിന് വികാരിമാർ വേണ്ട ക്രമീകരണങ്ങൾ ഒരുക്കണമെന്നും അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
ഇടവക ദേവാലയങ്ങളിൽ നിലവിലുള്ള ഔദ്യോഗിക സമയക്രമങ്ങളിൽ ആയിരിക്കണം ഏകീകൃത കുർബാന നടത്തേണ്ടത്. ഏകീകൃത കുർബാന അർപ്പിക്കാൻ ആഗ്രഹിക്കുന്ന വൈദികർക്കും മെത്രാൻമാർക്കും അതത് വികാരിമാർ സൗകര്യമൊരുക്കണം. കുർബാനക്കിടയിലെ പ്രസംഗത്തിൽ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെയും സഭാ നേതൃത്വത്തെയും വിമർശിക്കുന്ന പ്രസ്താവനകൾ പാടില്ല. യോഗങ്ങളിൽ രൂപതാധ്യക്ഷന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ ഉണ്ടാകരുത്.
സഭയെയും സഭയുടെ പ്രബോധനങ്ങളെയും സഭാ നേതൃത്വത്തെയും സമൂഹ മാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതിൽ നിന്ന് വൈദികരും അൽമായരും പിന്മാറണം. അല്ലാത്തപക്ഷം ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കും. വൈദികരും സന്യസ്തരും അൽമായരും സഭയുടെ ഔദ്യോഗിക നിലപാടുകടെള വിമർശിക്കുകയും സഭാനേതൃത്വത്തെ ഇകഴ്ത്തിക്കാണിക്കുകയും ചെയ്യുന്ന ഒരു സംഘടനയുടെയും ഭാഗമാകരുത്. അതിരൂപത കാര്യാലയത്തിൽ രൂപതാധ്യക്ഷന്റെ അംഗീകാരമില്ലാത്ത ഒരു യോഗവും അനുവദിക്കില്ല. മുൻകൂട്ടി അനുവാദം വാങ്ങി മാത്രമേ രൂപതാധ്യക്ഷനെ കാണാവൂ. അതിരൂപത കാര്യാലയത്തിന്റെ സുഗമമായ സേവനത്തിന് തുടർന്നും പൊലീസിന്റെ സഹായം ഉണ്ടായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും കുർബാന മധ്യേ സർക്കുലർ വായിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.