'600 രൂപ പെൻഷൻ 18 മാസം കുടിശ്ശിക വരുത്തിയവരാണോ ക്ഷേമപെൻഷൻ 3000 ആക്കാൻ പോകുന്നത് -തോമസ്​ ഐസക്ക്​

തിരുവനന്തപുരം: അപഹാസ്യമായ പ്രകടനപത്രികയിലൂടെ ജനങ്ങളുടെ ഓർമശക്തിയെ തീക്കൊള്ളി കൊണ്ട് മാന്തുകയാണ് യു.ഡി.എ​ഫ്​ എന്ന്​ ധനമന്ത്രി തോമസ്​ ഐസക്ക്​. 600 രൂപ പെൻഷൻ 18 മാസമാണ് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ കുടിശ്ശിക വരുത്തിയത്. അവരാണ് ക്ഷേമപെൻഷൻ 3000 ആക്കും എന്ന വ്യാമോഹം വിതറി വോട്ട്​ പിടിക്കാനിറങ്ങുന്നതെന്നും മന്ത്രി ഫേസ്​ബുക്ക്​ പോസ്റ്റിൽ വ്യക്​തമാക്കി.

'അർഹതയുള്ളത് യഥാസമയം വിതരണം ചെയ്യാത്തവരുടെ വ്യാമോഹ വിൽപനയെ കേരളജനത പുച്ഛിച്ചു തള്ളും. 2006ലെ ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ എന്തായിരുന്നു സ്ഥിതി? അന്ന് 110 രൂപയായിരുന്ന പെൻഷൻ രണ്ടര വർഷം കുടിശ്ശക വരുത്തിയിട്ടാണ് എ.കെ. ആന്‍റണി സർക്കാർ അധികാരമൊഴിഞ്ഞത്. ആ കുടിശിക കൊടുത്തുതീർത്ത ശേഷമാണ് വി.എസ് സർക്കാർ ഭരണം തുടങ്ങിയത്. ഞങ്ങള്‍ അത് 500 രൂപയാക്കി ഉയർത്തി എന്ന്​ മാത്രമല്ല, ആ സർക്കാറിന്‍റെ കാലത്ത് ഒരു രൂപ പോലും കുടിശ്ശികയുമുണ്ടായിരുന്നില്ല.

പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ വന്നു. അവരുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപ പെൻഷൻ 18 മാസം കുടിശ്ശിക. ആ കുടിശിക കൊടുത്ത്​ തീർത്തത് ഇപ്പോഴത്തെ സർക്കാർ. ഇതുവരെ ഒരു രൂപയും കുടിശ്ശിക വന്നിട്ടില്ലെന്നു മാത്രമല്ല, പെൻഷൻ 600ൽ നിന്ന് 1600 രൂപയായി ഉയരുകയും ചെയ്തു.

2006 മുതൽ ഇതുവരെയുള്ള കാലമെടുത്താൽ സാമൂഹ്യക്ഷേമ പെൻഷൻ 110ൽ നിന്ന് 1600 രൂപയായി. അതിൽ യു.ഡി.എഫ് സർക്കാർ വരുത്തിയത് വെറും 100 രൂപയുടെ വർധന. അതുതന്നെ ഒന്നര വർഷം കുടിശ്ശികയുമാക്കി.

ഇക്കൂട്ടരാണ് പെൻഷൻ 3000 ആക്കുമെന്ന വാഗ്ദാനവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. എൽ.ഡി.എഫിന്‍റെ പ്രകടനപത്രികയിൽ 2500 രൂപ പറഞ്ഞപ്പോൾ, അതിൽനിന്ന് 500 കൂട്ടി ഒരു വാഗ്ദാനം ഫിറ്റു ചെയ്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമം. അങ്ങനെ അവരുടെ ഓർമശക്തിയെ പരിഹസിക്കുകയാണ് യു.ഡി.എഫ്.

പെൻഷന്‍റെ കാര്യത്തിൽ 500 രൂപ കൂട്ടിവെക്കാൻ വേണ്ടി തങ്ങളുടെ മാനിഫെസ്റ്റോ വെച്ചു താമസിപ്പിക്കുകയാണ് യു.ഡി.എഫ് ചെയ്തത് എന്ന് ഇപ്പോൾ വ്യക്തമായി. ക്ഷേമ ആനുകൂല്യങ്ങള്‍ എല്‍.ഡി.എഫ് എന്തു പറയുന്നോ അതിന് മുകളില്‍ പ്രഖ്യാപിക്കാനുള്ള അടവായിരുന്നു അത്. അങ്ങനെ ചിലത് കൂട്ടി​െവച്ചപ്പോള്‍ അവര്‍ ആദ്യം നടത്തിയ പ്രഖ്യാപനങ്ങളില്‍ മാറ്റം വരുത്തുവാന്‍ അവര്‍ വിട്ടുപോയി. അതി​െന്‍റ ഫലമായി യു.ഡി.എഫിന്‍റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാവാത്ത പ്രഹസനങ്ങളായി മാറിയിരിക്കുന്നു.

ഇതിനായി അഞ്ച്​ വർഷംകൊണ്ട് ഒരു ലക്ഷം കോടി രൂപ വേണം. ബി.പി.എല്‍ കുടുംബങ്ങൾക്ക് ന്യായ് പദ്ധതി പ്രകാരം 6000 രൂപ വീതം മാസം തോറും നൽകും എന്നാണ് പറയുന്നത്. 20 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ ഉണ്ട്. അവർക്ക് 6000 രൂപ വീതം അഞ്ച്​ വർഷം നൽകാന്‍ 72,000 കോടി രൂപ വേണം.

തീർന്നില്ല, മേല്‍ പറഞ്ഞ ന്യായ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ അല്ലാത്ത 40 മുതല്‍ 60 വയസ്സ്​ വരെയുള്ള തൊഴില്‍ രഹിതരായ വീട്ടമ്മമാർക്ക് മാസം 2000 രൂപ വീതം നൽകും. കേരളത്തില്‍ 80 ലക്ഷം കുടുംബങ്ങളിൽ 20 ലക്ഷം കുടുംബങ്ങളെ ന്യായ് പദ്ധതിയില്‍ ഉള്ളതുകൊണ്ടും, മറ്റൊരു 20 ലക്ഷം പേരെ അർഹത ഇല്ലാത്തയില്ലാത്തതിന്‍റെയും പേരില്‍ മാറ്റി നിർത്താം. എങ്കിലും 40 ലക്ഷം കുടംബങ്ങള്‍ ഉണ്ടല്ലോ. ഒരു സ്ത്രീക്ക്​ മാത്രം 2000 രൂപ വീതം നൽകാൻ തീരുമാനിച്ചാല്‍ അഞ്ച്​ വർഷത്തേക്ക്​ 48,000 കോടി രൂപ വേണം.

വാരിക്കോരി പ്രഖ്യാപിച്ച മറ്റു ക്ഷേമ ആനുകൂല്യങ്ങളെ ഒന്നും ഞാന്‍ ഇപ്പോള്‍ കണക്കില്‍ പെടുത്തുന്നില്ല. ഈ മൂന്ന് ഇനങ്ങളിലായി മാത്രം 2.2 ലക്ഷം കോടി രൂപ വേണം. ഓരോ വർഷവും 44000 കോടി രൂപ. ഇത്രയും തുക എങ്ങനെ കണ്ടെത്തും എന്ന് പ്രതിപക്ഷ നേതാവ് ജനങ്ങളോട് വിശദീകരിക്കണം.

എൽ.ഡി.എഫിന് പ്രകടനപത്രിക പ്രഹസനമല്ല. ചെയ്തുതീർത്ത കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും വിശദീകരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടുമായിട്ടാണ് ഞങ്ങൾ ജനങ്ങളെ സമീപിക്കുന്നത്. 2011ൽ നൽകിയ എത്ര വാഗ്ദാനങ്ങൾ 2016 വരെയുള്ള ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കി എന്നു കൂടി ജനങ്ങളോട് തുറന്നുപറയാനുള്ള ബാധ്യത യു.ഡി.എഫിനുണ്ട്. അത്തരമൊരു താരതമ്യത്തിനുള്ള ത​േന്‍റടം പ്രതിപക്ഷ നേതാവിനുണ്ടോ എന്നാണ് ഞങ്ങളുടെ വെല്ലുവിളി' -തോമസ്​ ഐസക്ക്​ ഫേസ്​ബുക്കിൽ കുറിച്ചു.

Tags:    
News Summary - ‘Are those who have defaulted on a pension of Rs 600 for 18 months going to increase their welfare pension to Rs 3000 - Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.