അരിക്കൊമ്പൻ (ഫയൽ ചിത്രം)

അരിക്കൊമ്പൻ കുമളിക്ക് സമീപമെത്തി മടങ്ങി; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ഇടുക്കി: പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ നിന്ന് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്ന് റിപ്പോർട്ട്. ജി.പി.എസ് കോളർ വഴിയുള്ള സിഗ്നൽ പ്രകാരമാണ് കണ്ടെത്തൽ. ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലായിരുന്നു അരിക്കൊമ്പനെ ഇറക്കിവിട്ടത്. ആകാശദൂരം അനുസരിച്ച്, അരിക്കൊമ്പൻ ബുധനാഴ്ച ആറു കിലോമീറ്റർ വരെ കുമിളിക്കു സമീപം എത്തിയെന്നാണ് വനംവകുപ്പ് അറിയിച്ചത്. ഇതിനുശേഷം ആനയെ തുറന്നുവിട്ട മേദകാനം ഭാഗത്തേക്ക് തന്നെ മടങ്ങി. ജി.പി.എസ് കോളറിലൂടെയും വി.എച്ച്.എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും വനംവകുപ്പ് തുടരുന്നുണ്ട്.

എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് അറിയിച്ചു. കൂടാതെ, അരിക്കൊമ്പന് ചിന്നക്കനാലിലേക്ക് എത്തുക അത്ര എളുപ്പമല്ലെന്നാണ് വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, അരിക്കൊമ്പൻ വീണ്ടും കുമളിക്കടുത്തേക്ക് എത്താനുളള സാധ്യത നിലനിൽക്കുന്നുണ്ട്.

മേദകാനം ഭാഗത്ത് നിന്നും അരിക്കൊമ്പൻ തമിഴ്‌നാട് ഭാഗത്തേക്ക് പോയിരുന്നു. തമിഴ്‌നാട്ടിലെ മേഘമലയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ആന ഭീതി പരത്തി. കഴിഞ്ഞ ഏതാനും നാളായി മേഘമല ഭാഗത്തായിരുന്നു അരിക്കൊമ്പൻ നിലയുറപ്പിച്ചിരുന്നത്. ആറു ദിവസം മുമ്പാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്.

അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. തമിഴ്നാട്ടിലെ വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. ജനവാസ മേഖലയിൽ ആന ഇറങ്ങിയതു മുതൽ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം തുടരുകയാണ്. ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മടങ്ങിയെങ്കിലും നിരീക്ഷണ സംഘങ്ങളോട് അവിടെ തുടരാനാണു തമിഴ്‌നാട് വനംവകുപ്പ് നിർദേശിച്ചിരിക്കുന്നത്.

Tags:    
News Summary - Arikomban Near to Kumaly; The forest department has intensified surveillance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.