തൊടുപുഴ: അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി ഇടുക്കിയിൽനിന്ന് മാറ്റാനുള്ള നടപടികളിലേക്ക് ദൗത്യസംഘം. കാലാവസ്ഥ കാര്യമായ തടസ്സം സൃഷ്ടിച്ചില്ലെങ്കിൽ ദൗത്യത്തിന് മുന്നോടിയായ മോക്ഡ്രിൽ വ്യാഴാഴ്ച ഉച്ചയോടെ നടക്കും. തൊട്ടടുത്ത ദിവസംതന്നെ ആനയെ പിടികൂടുന്ന ദൗത്യവും നടപ്പാക്കുമെന്നാണ് വനം വകുപ്പ് അധികൃതർ നൽകുന്ന സൂചന.
അരിക്കൊമ്പനെ പിടികൂടാനുള്ള കടമ്പകളെല്ലാം പൂർത്തിയായതോടെ ഒരുങ്ങിയിരിക്കാൻ ദൗത്യസംഘത്തിന് വനം വകുപ്പ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. മോക്ഡ്രിൽ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഏത് ദിവസവും ദൗത്യം നടപ്പാക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്. പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് അരിക്കൊമ്പന്റെ പുതിയ താവളം പരസ്യമാക്കാതെ ദൗത്യം അതിരഹസ്യമായി പൂർത്തിയാക്കാൻ ആലോചിച്ചെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പിടികൂടി കൂട്ടിലടക്കാതെ എവിടെ വേണമെങ്കിലും ആനയെ വിടാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ അവിടെ പ്രതിഷേധം ശക്തമായതോടെ പകരം സ്ഥലം കണ്ടെത്താൻ ഹൈകോടതി വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. തേക്കടി പെരിയാർ കടുവ സങ്കേതം, പറമ്പിക്കുളം, തിരുവനന്തപുരം അഗസ്ത്യാർകൂടം എന്നീ വനമേഖലകളാണ് വിദഗ്ധ സമിതി പുതുതായി സർക്കാറിന് സമർപ്പിച്ച പട്ടികയിൽ ഉള്ളതെന്നാണ് സൂചന. ഇതിലൊരു സ്ഥലത്തേക്കാകും അരിക്കൊമ്പനെ മാറ്റുക. മയക്കുവെടിവെച്ച് പിടികൂടുന്ന ആനക്ക് ഘടിപ്പിക്കാനുള്ള റേഡിയോ കോളർ നേരത്തേതന്നെ ഇടുക്കിയിൽ എത്തിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ ദൗത്യം നീണ്ടുപോകില്ലെന്നാണ് സൂചന. ഇതിനുള്ള കൂടിയാലോചനകൾ ദൗത്യസംഘം നടത്തിവരുന്നുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ മറ്റ് വകുപ്പുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമടക്കം 150ലധികം പേർ മോക്ഡ്രില്ലിൽ പങ്കെടുക്കുന്നുണ്ട്. ദൗത്യത്തിന് നേതൃത്വം നൽകുന്ന ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ വ്യാഴാഴ്ച മൂന്നാറിലെത്തും. ടീമുകൾ തമ്മിലുള്ള ഏകോപനവും സുരക്ഷാസംവിധാനങ്ങളുടെ കെട്ടുറപ്പും ഉറപ്പാക്കുകയും ദൗത്യത്തിനുപയോഗിക്കുന്ന സാധനസാമഗ്രികൾ സംഘാംഗങ്ങൾക്ക് പരിചയപ്പെടുത്തുകയുമാണ് മോക്ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. നേരത്തേ ഒരു ഘട്ടത്തിൽ മോക്ഡ്രിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് ഇത് തിരുത്തി. ആനയെ മയക്കുവെടിവെക്കാൻ തീരുമാനിച്ച രണ്ട് സ്ഥലങ്ങൾ ചിന്നക്കനാൽ സിമന്റ് പാലവും 301 കോളനിയുമായിരുന്നു. കുങ്കിയാനകളെ നിലവിൽ 301 കോളനിയിലാണ് പാർപ്പിച്ചിട്ടുള്ളത്. ഇവിടേക്ക് മാധ്യമങ്ങളും പൊതുജനങ്ങളുമടക്കം പുറത്തുനിന്നുള്ളവർക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. മോക്ഡ്രില്ലിന് ശേഷം ദൗത്യം രഹസ്യമായി നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും പറയപ്പെടുന്നു.
എന്നാൽ, ഇത് പ്രായോഗികമാണോ എന്ന സംശയവും ദൗത്യസംഘത്തിനിടയിൽനിന്നുതന്നെ ഉയർന്നിട്ടുണ്ട്. അരിക്കൊമ്പനെ എവിടേക്കാണ് മാറ്റുന്നതെന്ന കാര്യം രഹസ്യമാക്കിവെക്കില്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞിരുന്നു. എന്തായാലും ദൗത്യം ഇനിയും നീട്ടിക്കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് വനം വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.