തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്ഥാനാർഥിയായി മാറിയിരിക്കുകയാണ് 27കാരിയായ അരിതാ ബാബു. കായംകുളം നിയമസഭ മണ്ഡലത്തിൽ യു. പ്രതിഭക്കെതിരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ അരിത മത്സരിക്കുന്നത്.
ശബരിമല, പൗരത്വ നിയമ സമര മുഖങ്ങളിൽ വീറോടെ നിറഞ്ഞു നിന്ന അരിത പശു തൊഴുത്തിലെ ജോലികൾ കഴിഞ്ഞ ശേഷമാണ് പൊതുപ്രവർത്തനത്തിനിറങ്ങുന്നത്. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥി പ്രഖ്യാപന വേളയിൽ എടുത്തു പറഞ്ഞു.
പിതാവ് അസുഖബാധിതനായതോെടയാണ് പശുക്കളുടെ പരിപാലനം ഏറ്റെടുത്തത്. പുലർച്ചെ എഴുന്നേറ്റ് സൊസൈറ്റിയിലും വീടുകളിലും പാൽ വിതരണം ചെയ്ത ശേഷമാണ് അരിത ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിൽ പ്രവർത്തിച്ചിരുന്നത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവമായി മത്സര രംഗത്ത് ഇല്ലാതിരുന്നിട്ടും പുന്നപ്ര ഡിവിഷനിൽ നിന്ന് ആയിരത്തോളം വോട്ടുകൾ അരിത സ്വന്തമാക്കിയിരുന്നു. 15 വർഷമായി സംഘടനാ പ്രവർത്തന രംഗത്തുള്ള സഹപ്രവർത്തകക്ക് വേണ്ടിയാണ് 2015ൽ താൻ വിജയിച്ച കൃഷ്ണപുരം ഡിവിഷനിൽ നിന്ന് മാറിയത്.
പിന്നാലെ പുന്നപ്ര ഡിവിഷനിൽ നിന്ന് നാമനിർദേശ പത്രിക സമർപിച്ചെങ്കിലും പിൻവലിക്കാൻ പാർട്ടി നിർദേശം നൽകി. എന്നാൽ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതിനാൽ സാങ്കേതികമായി മാത്രം സ്ഥാനാർഥിയായി. എങ്കിലും അരിത 1000ത്തിലധികം വോട്ടുകൾ നേടി.
നേരത്തെ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച അരിത സ്വന്തം നാട്ടിൽ നിന്നും നിയമസഭയിേലക്ക് ജയിച്ച് കയറാനാകുമെന്ന പ്രതീക്ഷയിലാണ്. കായംകുളം സ്വദേശിയായ ഒരാൾ വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ മത്സരക്കുന്നതെന്ന കാര്യം അവർക്ക് ആത്മവിശ്വാസം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.