കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജൻ, മുൻ എം.എൽ.എ ടി.വി രാജേഷ് എന്നിവർ ഉൾപ്പടെ മുഴുവൻ പ്രതികൾക്കുമെതിരെ സി.ബി.ഐ പ്രത്യേക കോടതി കുറ്റം ചുമത്തി. വിചാരണ കൂടാതെ കേസിൽ നിന്നും വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് പി. ജയരാജനും ടി.വി രാജേഷും നൽകിയ ഹരജി കോടതി നേരത്തേ തള്ളിയതിനെ തുടർന്ന് കുറ്റപത്രം വായിച്ച് കേൾക്കാൻ ഇരുവരോടും നേരിട്ട് ഹാജരാകാൻ നിർദേശിച്ചിരുന്നു. കേസിലെ മുഴുവൻ പ്രതികളും വെള്ളിയാഴ്ച ഹാജരായി. 33 പ്രതികളുള്ള കേസിൽ രണ്ട് പേർ മരണപ്പെട്ടു. ജയരാജനും രാജേഷിനുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് കുറ്റപത്രം വായിച്ചത്.
കുറ്റപത്രം വായിച്ച് കേട്ട എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു. തുടർന്ന് വിചാരണ ആരംഭിക്കാൻ കേസ് നവംബർ 20 ലേക്ക് മാറ്റി. കൊലപാതകം നടന്ന് 12 വർഷം കഴിഞ്ഞാണ് കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നത്. 2012 ഫെബ്രുവരി 20നാണ് ഷുക്കൂറിനെ പട്ടുവത്തിനടുത്തുവെച്ച് പട്ടാപ്പകൽ കൊലപ്പെടുത്തിയത്. കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് ജയരാജനും രാജേഷിനുമെതിരായ ആരോപണം.
പട്ടുവത്ത് വെച്ച് ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ വാദം. ആക്രമണത്തിന് പിന്നാലെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ജയരാജനും രാജേഷും ഉൾപ്പെടെ ആറു പ്രതികൾ ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.