തിരുവനന്തപുരം: അരിയിൽ ഷുക്കൂര്‍ വധക്കേസിലെ സി.ബി.ഐ കോടതി വിധിയോടെ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ സി.പി.എം ഉന്നത നേതൃത്വത്തിനുള്ള പങ്ക് ഒരിക്കല്‍ കൂടി പുറത്തു വന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള കാടന്‍ ഗോത്രബോധത്തിന്റെ പക നിറഞ്ഞ മനസാണ് കേരളത്തിലെ സി.പി.എം നേതൃത്വത്തിനുള്ളതെന്ന് കോടതിക്ക് പോലും ബോധ്യപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഷുക്കൂര്‍ എന്ന ചെറുപ്പക്കാരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് പി. ജയരാജനെയും ടി.വി. രാജേഷിനെയും ഒഴിവാക്കാനാവില്ലെന്ന കോടതി വിധി സ്വാഗതാര്‍ഹമാണ്. കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട നേതാക്കള്‍ എത്ര ഉന്നതരായാലും ഇരുമ്പഴിക്കുള്ളില്‍ അടക്കുക തന്നെ വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കാസര്‍കോട്ടെ ഊര്‍ജസ്വലരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ വധക്കേസിലും പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ഉന്നതരായ സി.പി.എം നേതാക്കള്‍ ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നേതാക്കള്‍ കൊലപാതകം ആസൂത്രണം ചെയ്യുകയും അണികളെ പ്രതികളായി വിട്ടുകൊടുത്ത് സ്വന്തം തടിയൂരുകയും ചെയ്യുന്ന പ്രവണത ശക്തമായ കോടതി ഇടപെടലോടെ അവസാനിച്ചാല്‍ സി.പി.എം നേതൃത്വം നല്‍കുന്ന കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് കേരളം മുക്തി നേടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും സമർപ്പിച്ച വിടുതൽ ഹരജികൾ പ്രത്യേക സി.ബി.ഐ കോടതിയാണ് തള്ളിയത്. പ്രതികൾക്കെതിരെ ഒക്ടോബർ 18ന് കോടതി കുറ്റം ചുമത്തും. ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് ജയരാജനും രാജേഷിനുമെതിരായ ആരോപണം.
2012 ഫെബ്രുവരി 20നാണ് പട്ടുവത്തിനടുത്ത് അരിയിൽ അബ്ദുഷുക്കൂറിനെ ഒരു സംഘം ബന്ദിയാക്കി പട്ടാപ്പകൽ കൊലപ്പെടുത്തിയത്. പട്ടുവത്ത് ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നും ആക്രമണത്തിനു ശേഷം സി.പി.എം നേതാക്കൾ ചികിത്സയിൽ കഴിയുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ജയരാജനും രാജേഷും ഉൾപ്പെടെ ആറു പ്രതികൾ ഗൂഢാലോചന നടത്തിയെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
പൊലീസും സി.ബി.ഐയും രേഖപ്പെടുത്തിയ സാക്ഷി മൊഴികളിൽനിന്ന് ഗൂഢാലോചനയിൽ ജയരാജന്റെയും രാജേഷിന്റെയും സാന്നിധ്യം വ്യക്തമാണെന്ന് സി.ബി.ഐ പ്രോസിക്യൂട്ടറും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകനും വാദിച്ചു. സി.ബി.ഐയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു കേസിലെ 32, 33 പ്രതികളായ ജയരാജന്റെയും രാജേഷിന്റെയും അഭിഭാഷകരുടെ വാദം.
തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വെച്ച് മുസ്ലിം ലീഗ് പ്രവർത്തകരെ കൈകാര്യം ചെയ്യണമെന്ന് 28ാം പ്രതി പി. സുരേശനോടും 31ാം പ്രതി എ.വി. ബാബുവിനോടും 30ാം പ്രതി യു.വി. വേണു ആക്രോശിക്കുന്നത് കേട്ടുവെന്ന പി.പി. അബു, മുഹമ്മദ് സ്വാബിർ എന്നിവരുടെ മൊഴികളെ മാത്രമാണ് സി.ബി.ഐ ആശ്രയിക്കുന്നതെന്ന് പ്രതിഭാഗം പറഞ്ഞു. ജയരാജനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പ്രമോദ് സി.ബി.ഐക്ക് നൽകിയ മൊഴിയിൽ ആശുപത്രിയിൽ ആരും ഒച്ചവെക്കുന്നതായി കേട്ടില്ലെന്നാണ് പറഞ്ഞിരിക്കുന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
ക്രിമിനൽ ഗൂഢാലോചനയിൽ 28 മുതൽ 32 വരെയുള്ള പ്രതികളുടെ സാന്നിധ്യം തെളിയിക്കുന്ന വിധത്തിൽ സാക്ഷികളുടെ മൊഴിയുണ്ടെന്ന് ഇരുഭാഗം വാദവും കേട്ടശേഷം കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് ആശുപത്രിയിൽ ഇവരുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. 31ാം പ്രതി ബാബുവിന്‍റെ കാൾേഡറ്റ രേഖയിൽ ഷുക്കൂറിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരുമായി ഇയാൾ ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്രിമിനൽ ഗൂഢാലോചന നടക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം ആരും അനുവദിക്കില്ലെന്നത് പൊതുവെ അറിയാവുന്ന കാര്യമാണെന്നും പ്രമോദിന്റെ മൊഴിയെപ്പറ്റി കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.