കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കണ്ണൂർ സംഘത്തിലെ പ്രധാനി അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. എറണാകുളത്തെ കസ്റ്റംസ് പ്രിവൻറിവ് ഓഫിസിൽ ഹാജരായ ഇയാളെ ഒമ്പതുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം സ്വർണക്കടത്തിൽ ഇയാൾക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് അന്വേഷണസംഘം നിർദേശിച്ചതുപ്രകാരം രാവിലെ പത്തരയോടെ ഇയാൾ ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകർക്ക് ഒപ്പമാണ് എത്തിയത്. അറസ്റ്റ് സൂചന ലഭിച്ചതോടെ അഭിഭാഷകർ ഓഫിസിൽനിന്ന് പുറത്തുപോയി.
കരിപ്പൂരിൽ സ്വർണക്കടത്ത് സംഘത്തിനൊപ്പം എത്തിയ ചെർപ്പുളശ്ശേരി സ്വദേശികൾ അപകടത്തിൽ മരിച്ചതിന് പിന്നാലെയാണ്, കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘത്തിലെ പ്രധാനികളിൽ ഒരാളായ അർജുനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അർജുെൻറ ഭീഷണി ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു.
സ്വർണവുമായി പിടിയിലായ മുഹമ്മദ് ഷെഫീഖിനെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളെ ആസ്പദമാക്കിയാണ് അർജുനെ കസ്റ്റംസ് ചോദ്യം ചെയ്തുതുടങ്ങിയത്. തനിക്ക് നിർദേശങ്ങൾ നൽകിയത് അർജുനാണെന്ന് ഷെഫീഖ് വെളിപ്പെടുത്തിയിട്ടുണ്ട്. ദുബൈയിൽനിന്ന് സലീം എന്നയാളാണ് സ്വർണം ഏർപ്പാട് ചെയ്തതെന്നും സലീമിനെ പരിചയപ്പെടുത്തിയ മുഹമ്മദുമായി തന്നെ ബന്ധപ്പെടുത്തിയത് അർജുൻ ആയങ്കിയാണെന്നും ഷെഫീഖ് കസ്റ്റംസിനെ അറിയിച്ചിരുന്നു. ജലീൽ എന്നയാളും കൂട്ടാളിയും ചേർന്നാണ് സ്വർണം ഒളിപ്പിച്ച കോഫി മെഷീൻ അടങ്ങിയ ട്രോളിയും കാർട്ടണും കൈമാറിയത്.
വിമാനത്താവളത്തിന് പുറത്തുവെച്ച് ഷെഫീഖിനെ കാത്തിരിക്കുന്നയാൾക്ക് ട്രോളി ബാഗ് കൈമാറണമെന്നാണ് ആദ്യം അർജുൻ പറഞ്ഞതെങ്കിലും പിന്നീട് വിളിച്ച് ഷർട്ട് മാറാൻ ആവശ്യപ്പെട്ടു. വിമാനത്താവളത്തിൽ താൻതന്നെ കാത്തിരിക്കുമെന്നും അറിയിച്ചു. 40,000 രൂപയും എയർ ടിക്കറ്റുമാണ് സ്വർണക്കടത്തിന് പ്രതിഫലം വാഗ്ദാനം ചെയ്തത്. ഇക്കാര്യങ്ങൾ കസ്റ്റംസ് തെളിവുകൾ സഹിതം അർജുനോട് വിവരിച്ചശേഷമാണ് അറസ്റ്റിലേക്ക് കടന്നത്.
എത്ര തവണ എത്ര അളവിൽ സ്വര്‍ണം അർജുനും സംഘവും തട്ടിയെടുത്തു?, സംഘത്തില്‍ മറ്റ് ആര്‍ക്കൊക്കെ പങ്ക്? എന്നീ കാര്യങ്ങളാണ് പ്രധാനമായും കസ്റ്റംസ് ചോദിച്ചത്. അര്‍ജുന്‍ ഇരുപതോളം തവണ ഇത്തരത്തില്‍ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തെന്നാണ് സംശയം. ഷെഫീഖുമായി അർജുൻ നടത്തിയ മൊബൈൽ സന്ദേശങ്ങളും അറസ്റ്റിലേക്ക് നയിച്ച തെളിവായി.
അതിനിടെ, സ്വർണക്കടത്തുകേസ് പ്രതി ഷെഫീഖിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ അർജുനെതിരെ കേസെടുക്കാനാകില്ലെന്ന് ഇയാളുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുമുമ്പ് അർജുൻ ഇത്തരം വിഷയങ്ങളിൽ ബന്ധപ്പെട്ടിട്ടില്ല. അർജുൻ ഷെഫീഖിെന ബന്ധപ്പെട്ടതിന് തെളിവില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.