ബംഗളൂരു/മംഗളൂരു: ഉത്തര കന്നഡ ഷിരൂർ അംഗോല ദേശീയപാത 66ൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ (30) ലോറി തിരച്ചിലിന്‍റെ ഒമ്പതാം ദിവസം കണ്ടെത്തി. ഗംഗാവലി നദിയിൽ ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും കനത്ത മഴയും കാറ്റും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയായിരുന്നു. ഇതേത്തുടർന്ന് ബുധനാഴ്ചത്തെ തിരച്ചില്‍ സൈനിക സംഘം സന്ധ്യയോടെ അവസാനിപ്പിച്ചതായി ഉത്തര കന്നഡ ജില്ല ഡെപ്യൂട്ടി കമീഷണർ ലക്ഷ്മിപ്രിയ മാധ്യമങ്ങളെ അറിയിച്ചു.
അർജുനെ കണ്ടെത്താൻ ആറു ദിവസമായി തുടരുന്ന തിരച്ചിലിനിടയിലാണ് നദിയിൽ രൂപപ്പെട്ട മൺകൂനക്കടിയിൽ ലോറി കണ്ടെത്തിയത്. ഈ മാസം 16നുണ്ടായ മണ്ണിടിച്ചിലിൽ മലയാളി ഡ്രൈവർ അകപ്പെട്ട വിവരം വെള്ളിയാഴ്ചയാണ് കേരള ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിയെ അറിയിച്ചത്.
ലോറിയുടെ രൂപത്തിൽ കണ്ട കോർഡിനേറ്റുകൾ അടയാളപ്പെടുത്തിയ ശേഷമാണ് സൈന്യം തിരച്ചിൽ നിർത്തിയത്. നദിയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ ജില്ല പൊലീസ് മേധാവി നാരായണയും സ്ഥിരീകരിച്ചു. മണ്ണിടിഞ്ഞുവീണ കരയിൽ നിന്ന് 40 മീറ്റർ അകലെ 15 മീറ്റർ താഴ്ചയിലാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.
അതിശക്തമായ മഴയും കാറ്റും വകവെക്കാതെ മൂന്ന് ബോട്ടുകളിലായാണ് നാവിക സേനയുടെ സ്കൂബ ഡൈവേഴ്സ് അടങ്ങുന്ന 18 അംഗ സംഘം നദിയിലേക്ക് ഇറങ്ങിയത്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വളരെ ദുഷ്കരമാണ്. എത്രത്തോളം മണ്ണ് നദിയിൽ ലോറിക്ക് മുകളിലുണ്ടെന്ന കാര്യത്തിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവൻ മാറ്റിയാൽ മാത്രമേ ലോറി പുറത്തെടുക്കാൻ കഴിയുകയുള്ളു.
കര-നാവിക സേനകളും എൻ.ഡി.ആര്‍.എഫ്, അഗ്നിരക്ഷാസേന, പൊലീസ് സംഘങ്ങൾ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.