Representational Image

വിമാനത്താവളങ്ങളിൽ ക്രമീകരണം: പോസിറ്റിവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്ക്​ മാറ്റും

തിരുവനന്തപുരം: ഒമിക്രോണ്‍ പശ്ചാത്തലത്തിൽ യാത്രക്കാരെ സുരക്ഷിതമായി സ്വീകരിക്കാൻ ആരോഗ്യവകുപ്പി​െൻറ പ്രത്യേക ക്രമീകരണം. വിദേശരാജ്യങ്ങളില്‍നിന്ന്​ എത്തുന്നവരില്‍ പോസിറ്റിവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍നിന്ന്​ വരുന്നവരില്‍ നെഗറ്റിവാകുന്നവരെ ഹോം ക്വാറൻറീനിലേക്കും മാറ്റാനാണ്​ തീരുമാനം. നേരത്തേ രോഗബാധിതരെ കണ്ടെത്തുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും രോഗവ്യാപനം തടയുകയുകയുമാണ് ലക്ഷ്യം.

വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കും ആരോഗ്യനില വിലയിരുത്താനും കിയോസ്‌കുകള്‍ സ്ഥാപിച്ചു. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് അഞ്ചുമുതല്‍ 10 വരെ കിയോസ്‌കുകള്‍ ഒരുക്കും. പി.പി.ഇ കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സേവനം നല്‍കുക. ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, വയോജനങ്ങള്‍, ഇവരുമായി വരുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് പരിശോധനക്ക്​ മുന്‍ഗണന നല്‍കും.

രോഗബാധിതരെ സുരക്ഷാ മാനദണ്ഡങ്ങളോടെ ആംബുലന്‍സിന്‍ പ്രത്യേക വാര്‍ഡുകളില്‍ എത്തിക്കും. ഇതിനായി 108 ആംബുലന്‍സുകള്‍ സജ്ജമാക്കി. നെഗറ്റിവായവര്‍ക്ക് അവരുടെ വാഹനത്തില്‍ വീടുകളില്‍ ക്വാറൻറീനിലേക്ക് പോകാം. ആ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. യാത്രക്കാര്‍ പിന്നിലെ സീറ്റിലിരിക്കണം. യാത്രക്കാരും ഡ്രൈവറും തമ്മില്‍ നേരിട്ട് സമ്പര്‍ക്കം വരാതിരിക്കാന്‍ പ്ലാസ്​റ്റിക്കോ മറ്റോ ഉപയോഗിച്ച് മറ വെക്കണം. വീട്ടില്‍ ക്വാറൻറീനില്‍ കഴിയുമ്പോള്‍ പോസിറ്റിവായാല്‍ വീട്ടിലുള്ള എല്ലാവരെയും പരിശോധിക്കും. നെഗറ്റിവാണെങ്കില്‍ വീണ്ടും ഏഴുദിവസം സ്വയം നിരീക്ഷിക്കണം. ഈ സമയത്ത് ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലോ ചടങ്ങുകളിലോ പോകരുത്.  

Tags:    
News Summary - Arrangements at airports: Those who become positive will be transferred to special wards in hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.