തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ മുസ്ലിം ലീഗിലെ രണ്ട് എം.എൽ.എമാരുടെ അറസ്റ്റോടെ യു.ഡി.എഫ് സമ്മർദത്തിൽ. സ്വർണ-ലഹരിക്കടത്തുകളും ലൈഫ് അഴിമതിയും കിഫ്ബി ക്രമക്കേടുകളും ചൂണ്ടിക്കാട്ടി സർക്കാറിനെ കടന്നാക്രമിക്കാൻ ഒരുക്കം തുടങ്ങിയിരിക്കെയാണ് രാഷ്ട്രീയ വെല്ലുവിളി യു.ഡി.എഫിന് നേരിടേണ്ടിവന്നത്. രാഷ്ട്രീയപ്രേരിതെമന്ന് ചൂണ്ടിക്കാട്ടി അറസ്റ്റിനെ നേരിടാനാണ് പ്രതിപക്ഷ തീരുമാനമെങ്കിലും ഭരണമുന്നണിക്ക് മികച്ച പ്രചാരണാധുധമാണ് അറസ്റ്റിലൂടെ ലഭിച്ചത്.
എന്നാല്‍, അറസ്റ്റിനെ അൽപംപോലും ഭയപ്പെടുന്നില്ലെന്ന് വരുത്തി രാഷ്ട്രീയ പ്രത്യാക്രമണത്തിനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. വിവിധ വിവാദങ്ങളിൽ സർക്കാറിന് നഷ്ടമായ മുഖം എം.എൽ.എമാരുടെ അറസ്റ്റിലൂടെ രക്ഷിക്കാനും ജനശ്രദ്ധ തിരിക്കാനുമാണ് അറസ്െറ്റന്ന് ആക്ഷേപിക്കുന്ന യു.ഡി.എഫ് നേതൃത്വം, മുഖ്യമന്ത്രിയുടെ സമ്മർദത്തിന് വഴങ്ങി വഴിവിട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ നാളെ മറുപടി പറയേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകുന്നു.
കിഫ്ബിയിലെന്നപോലെ അറസ്റ്റിലും മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി തിരിച്ചടിക്കാനാണ് യു.ഡി.എഫ് നേതാക്കള്‍ക്കിടയിലെ അനൗദ്യോഗിക ധാരണ. മാത്രമല്ല, ഇബ്രാഹീംകുഞ്ഞിെൻറ അറസ്റ്റിന് വഴിവെച്ച പാലാരിവട്ടം പാലം നിർമാണം നടത്തിയ കമ്പനിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം വീണ്ടും വലിയ കരാറുകള്‍ സർക്കാർ നല്‍കുന്നതും പാലത്തിെൻറ 30 ശതമാനം പണി പൂർത്തീകരിച്ചത് പിണറായി സർക്കാറിെൻറ കാലത്താണെന്നതും അവർ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് സ്ഥാപിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിശ്വാസം.
അതേസമയം, സമീപകാല വിവാദങ്ങൾ ഉയർത്തി ഭരണപക്ഷത്തെ കടന്നാക്രമിക്കുന്നതിനൊപ്പം സ്വന്തം പക്ഷത്തെ രണ്ട് എം.എൽ.എമാരുടെ അറസ്റ്റിെൻറ സാഹചര്യം വിശദീകരിക്കേണ്ട അവസ്ഥയാണ് യു.ഡി.എഫിന് വന്നുചേർന്നത്. സ്വന്തം പക്ഷത്തെ നേതാക്കൾ ജയിലിൽ കിടക്കുന്നത് അഴിമതിയുടെയും വിശ്വാസവഞ്ചനയുടെയും പേരിലാണെന്നത് യു.ഡി.എഫിന്, പ്രത്യേകിച്ച് മുസ്ലിംലീഗിന് തെരെഞ്ഞടുപ്പിൽ വെല്ലുവിളിയാകും. അറസ്റ്റിലാകാൻ ഇനിയും നേതാക്കളുണ്ടെന്ന ഭരണപക്ഷ നേതാക്കളുടെ മുന്നറിയിപ്പും അവരുടെ ചങ്കിടിപ്പ് വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.