ശ്രീകണ്ഠപുരം: വനമേഖല കേന്ദ്രീകരിച്ച് സ്ഥിരം നായാട്ടു നടത്തുന്ന സംഘത്തിലെ പ്രധാനി പയ്യാവൂര്‍ പൊലീസിന്റെ പിടിയിലായി. പയ്യാവൂര്‍ ഷിമോഗ നറുക്കുംചീത്തയിലെ മാളിയേക്കല്‍ സൈമണ്‍ ജോസഫ് എന്ന ബാബുവിനെ (52)യാണ് പയ്യാവൂര്‍ എസ്.ഐ കെ.ഷറഫുദീന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ വേട്ടയാടി സൈമണ്‍ ജോസഫ് വന്‍ വിലക്ക് ഇറച്ചി വിൽക്കുന്നുണ്ടെന്ന് പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു.
പലതവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വേട്ടയാടിയ കാട്ടുപന്നിയിറച്ചി വിൽപന നടത്താന്‍ ഒരുങ്ങുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. ഫോണില്‍ ആളുകളെ ബന്ധപ്പെട്ടാണ് വില്പന നടത്താറുള്ളത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് വീട് വളയുകയായിരുന്നു.
കാട്ടുപന്നിയിറച്ചിയുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സൈമണെ സാഹസികമായി കീഴ്പ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. ഒരു നാടന്‍ തോക്കും അഞ്ച് തിരകളും മൂന്ന് കിലോ കാട്ടുപന്നിയിറച്ചിയും വീട്ടില്‍നിന്ന് പിടിച്ചെടുത്തു.
കേസ് വനംവകുപ്പിന് കൈമാറും. എ.എസ്.ഐമാരായ എം.ആര്. രാജീവ്, അബ്ദുൽമുത്തലിബ്, സി.പി.ഒ ഡിബോണ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.