നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകൾക്കായുള്ള ശൈത്യകാല സമയ പട്ടിക പ്രഖ്യാപിച്ചു. ഒക്ടോബർ 30 മുതൽ 2023 മാർച്ച് 25 വരെയാണ് കാലാവധി. സിയാലിന്റെ ശൈത്യകാല സമയ പട്ടികയിൽ പ്രതിവാരം 1202 സർവീവുകൾ ഇടം പിടിച്ചിട്ടുണ്ട്. നിലവിലുള്ള വേനൽക്കാല ഷെഡ്യൂളിൽ ഇത് 1160 ആയിരുന്നു.
കോവിഡ് മഹാമാരിയുടെ ആഘാതത്തിൽനിന്നുമുള്ള ശക്തമായ തിരിച്ചുവരവാണ് സിയാൽ ശൈത്യകാല സമയപട്ടിക സൂചിപ്പിക്കുന്നത്. ശൈത്യകാല സമയപട്ടിക പ്രാബല്യത്തിൽ വരുന്നതോടെ കൊച്ചിയിൽ നിന്നും 26 എയർലൈനുകൾ രാജ്യാന്തര സർവീസുകൾ നടത്തും. ഇതിൽ 20 എണ്ണം വിദേശ എയർലൈനുകൾ ആണ്. രാജ്യാന്തര സെക്ടറിൽ 44 സർവീസുമായി എയർ ഇന്ത്യ എക്‌സ്പ്രസ്സും ആഭ്യന്തര സെക്ടറിൽ 42 സർവീസുമായി ഇൻഡിഗോയും ആണ് മുന്നിൽ. എയർ അറേബ്യ-14, എയർ അറേബ്യ അബുദാബി-7, എയർ ഇന്ത്യ-10, എയർ ഏഷ്യ ബെർഹാദ്-17, എമിറേറ്റ്‌സ് എയർ-14, ഇത്തിഹാദ് എയർ-7, ഫ്‌ളൈ ദുബായ്-3, ഗൾഫ് എയർ-7, ജസീറ എയർ-5, കുവൈറ്റ് എയർ - 9, മലിൻഡോ എയർ-7, മലേഷ്യൻ എയർലൈൻസ്-7, ഒമാൻ എയർ-14, ഖത്തർ എയർ-11, സൗദി അറേബ്യൻ-14, സിംഗപ്പൂർ എയർലൈൻസ്-14, സ്‌പൈസ്‌ജെറ്റ്-7, ശ്രീലങ്കൻ-10, തായ് എയർ-5, എന്നിങ്ങനെ ആണ് പ്രമുഖ എയർലൈനുകളുടെ പ്രതിവാര പുറപ്പെടൽ സർവീസുകൾ. ദുബൈയിലേക്ക് മാത്രം ആഴ്ചയിൽ 44 വിമാനങ്ങൾ പുറപ്പെടും. അബുദാബിയിലേക്കും മസ്‌ക്കറ്റിലേക്കും 30 സർവീസുകളുണ്ട്. ക്വലാലംപൂരിലേക്ക് മാത്രം പ്രതിവാരം 25 സർവീസുകളുണ്ട്. എയർ ഇന്ത്യയുടെ മൂന്ന് പ്രതിവാര ലണ്ടൻ സർവീസുകൾ തുടരും.
രാജ്യത്തെ 13 നഗരങ്ങളെ ബന്ധപെടുത്തിക്കൊണ്ട് ആഭ്യന്തര മേഖലയിൽ 327 സർവീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആഴ്ചയിൽ ബാംഗ്ലൂരിലേക്ക്- 104 ,ഡൽഹിയിലേക്ക് -56, മുംബൈയിലേക്ക് -42, ഹൈദരാബാദിലേക്ക്- 24, ചെന്നൈയിലേക്ക്- 52 പുറപ്പെടൽ സർവീസുകൾ ഉണ്ടാവും. കൽക്കത്ത, തിരുവനന്തപുരം, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂർ എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസുകൾ ഉണ്ടാകും. ഇൻഡിഗോ- 163, എയർ ഇന്ത്യ-28, എയർ ഏഷ്യ-56, ആകാശ എയർ-28, അലയൻസ് എയർ-21, ഗോ എയർ -14, സ്പൈസ്ജെറ്റ്-3, വിസ്താര- 14 എന്നിങ്ങനെയാണ് എയർലൈനുകളുടെ ആഭ്യന്തര പ്രതിവാര പുറപ്പെടൽ സർവീസുകൾ.
യാത്രക്കാരോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി എല്ലാ ദിശയിലേക്കും പരമാവധി സർവീസുകൾ ഉൾപെടുത്താൻ കഴിഞ്ഞിട്ടുണ്ട് എന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. ഭാവിയിൽ സർവീസുകൾ വർദ്ധിപ്പിക്കുന്നതിനായുള്ള കരട് രൂപരേഖ ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ അന്താരാഷ്ട്ര എയർലൈനുകളെ കൊണ്ടുവരാനും പുതിയ റൂട്ടുകളിലേക്ക് സർവീസുകൾ നടത്താനും കഴിയുമെന്നാണ് പ്രതീക്ഷ. നിർമാണം പുരോഗമിക്കുന്ന ജനറൽ ഏവിയേഷൻ ടെർമിനൽ ഈ വർഷം ഉത്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലഘട്ടത്തിൽ സുഗമമായ യാത്ര ഉറപ്പാക്കാൻ സിയാൽ നടപ്പിലാക്കിയ പദ്ധതികൾ 2021-22 സാമ്പത്തിക വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 92.66 ശതമാനവും എയർ ട്രാഫിക് 60.06 ശതമാനവും മുൻവർഷത്തെ അപേക്ഷിച്ച് വളർച്ച രേഖപ്പെടുത്തി. അന്താരാഷ്ട്ര ട്രാഫിക്കിൽ രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനവും സിയാൽ നേടിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.