കല്പറ്റ: മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമപഞ്ചായത്ത് തയാറാക്കിയ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ കരട് പട്ടികക്കെതിരെ വ്യാപക പരാതി. ദുരന്തം നേരിട്ട് ബാധിച്ച പലരും പട്ടികയിൽനിന്നു പുറത്തായതായും 20 വർഷം മുമ്പ് മാറിത്താമസിച്ചവരടക്കം ഇടം നേടിയതായും ആരോപണമുണ്ട്. പുഴയുടെ 50 മീറ്റർ ദൂരപരിധിയിലുള്ളവരെ മാത്രം പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെയും ദുരന്തബാധിതർ പ്രതിഷേധത്തിലാണ്.
നേരത്തേ ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ദൂരപരിധി വെട്ടിക്കുറച്ചതിനെതിരെ ഇരകൾ രംഗത്തുവരുകയും സർവേ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. പഞ്ചായത്ത് തയാറാക്കിയ കരട് പട്ടികയിൽ 520 കുടുംബങ്ങളാണുള്ളത്. ഇതിൽ ആൾ താമസമില്ലാത്ത പാടികളിലെ 20 കുടുംബങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 26ന് ചേരുന്ന സർവകക്ഷി യോഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തിയശേഷം തയാറാക്കുന്ന പട്ടിക ജില്ല ഭരണകൂടത്തിന് കൈമാറുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
പഞ്ചായത്ത് കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയ സംഘടനകൾക്ക് നൽകിയ കരട് പട്ടികയിലെ കണക്ക് പ്രകാരം 10, 11, 12 വാര്‍ഡുകളിലായി 201 വീടുകളാണ് നാമാവശേഷമായത്. 55 വീടുകള്‍ പൂര്‍ണമായും 91 വീടുകള്‍ ഭാഗികമായും തകരുകയും 113 വീടുകള്‍ വാസയോഗ്യമല്ലാതായിത്തീരുകയും ചെയ്തു. 50 മീറ്റര്‍ പരിധിയിൽ കേടുപാടുകളില്ലാത്ത 60 വീടുകളും ഉണ്ട്. നിലവിൽ എസ്റ്റേറ്റ് പാടികള്‍ (ലയങ്ങള്‍) ഉള്‍പ്പെടെ കരട് പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആൾതാമസമില്ലാത്ത പാടികൾ ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയത്. അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി ദുരന്തബാധിതരും പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെടെ തള്ളണമെന്നാവശ്യപ്പെട്ട ജോണ്‍ മത്തായി കമ്മിറ്റിയുടെ നിര്‍ദേശം പരിഗണിച്ചാണ് ഗ്രാമപഞ്ചായത്തും കരട് പട്ടിക തയാറാക്കിയിരിക്കുന്നതെന്ന് ദുരന്ത ബാധിതർ ആരോപിക്കുന്നു. പുഞ്ചിരിമട്ടത്ത് പുഴക്കുസമീപമുള്ള ചില വീടുകള്‍ വരെ 50 മീറ്റര്‍ പരിധിക്ക് പുറത്തായാണ് പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 10, 11 വാര്‍ഡുകളില്‍ ദുരന്തമേഖലയില്‍ 50 മീറ്റര്‍ പരിധിക്കുള്ളിലും പുറത്തുമുള്ള വീടുകള്‍ കരട് പട്ടികയിലുണ്ടെങ്കിലും 12ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന സ്കൂള്‍ റോഡിലെ പടവെട്ടിക്കുന്ന് ഭാഗത്തെ 37ഓളം വീടുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. 2020ല്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശമാണിത്. ഇത്തവണ ഉരുൾ ദുരന്തമുണ്ടായതോടെ പടവെട്ടിക്കുന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ദുരന്തം ബാധിച്ച 956 കുടുംബങ്ങളാണ് താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി നിലവില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വാടക വീടുകളില്‍ കഴിയുന്നത്.
അതേസമയം, റവന്യൂ വകുപ്പ് തയാറാക്കിയ കരട് പട്ടികയിൽ 528 കുടുംബങ്ങൾ ഉൾപ്പെട്ടതായാണ് വിവരം. ഒരു മാസം മുമ്പുതന്നെ വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനരധിവാസ കുടുംബങ്ങളുടെ പട്ടിക റവന്യൂ വകുപ്പ് തയാറാക്കിയതായും പരാതികൾ ഒഴിവാക്കുന്നതിന് പഞ്ചായത്ത് പട്ടികക്കായി കാത്തിരിക്കുകയാണെന്നുമാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.