വരുന്നു, കോളജ്​ സ്​പോർട്​സ്​ ലീഗ്

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കേരളത്തിൽ കോളജ് വിദ്യാർഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുന്നു. കായിക വകുപ്പുമായി ചേർന്ന്​ ഉന്നത വിദ്യാഭ്യാസ വകുപ്പാണ്​ ലീഗിന്​ തുടക്കമിടുന്നത്​. ഇതിന്റെ ഭാഗമായി എല്ലാ കോളജുകളിലും സ്‌പോര്‍ട്‌സ് ക്ലബ് തുടങ്ങുമെന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും കായിക മന്ത്രി വി. അബ്​ദുറഹിമാനും വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഫുട്‌ബാള്‍, ക്രിക്കറ്റ്, വോളിബാള്‍, കബഡി ഇനങ്ങളിലാണ് കോളജ് ലീഗ് ആരംഭിക്കുക. ഭാവിയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തും. കോളജുകളെ നാല് മേഖലകളായി തിരിച്ച് മൂന്നു മുതല്‍ ആറുമാസം വരെ നീളുന്ന ലീഗാണ് നടത്തുക. സ്‌പോര്‍ട്‌സ് ക്ലബുകളെ ഏകോപിപ്പിക്കാന്‍ ജില്ലാതല കമ്മിറ്റി ഉണ്ടാകും. കമ്മിറ്റിയില്‍ ഉന്നതവിദ്യാഭ്യാസ, കായിക, വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുന്‍താരങ്ങളുമുണ്ടാകും. സംസ്ഥാനതല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും വൈസ് ചാന്‍സലര്‍മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണനിർവഹണ സമിതി. സർവകലാശാലകൾക്കായി തയാറാക്കിയ ഏകീകൃത അക്കാദമിക്​ കലണ്ടറിനെ ബാധിക്കാത്ത രീതിയിലായിരിക്കും ലീഗിന്‍റെ നടത്തിപ്പ്​. കായിക നയത്തിന്‍റെ ഭാഗമായി നടപ്പിലാക്കിയ ഫുട്​ബാൾ, ക്രിക്കറ്റ്​ ലീഗുകളുടെ തുടർച്ചയായാണ്​ കോളജ്​ സ്​പോർട്​സ്​ ലീഗെന്ന്​ മന്ത്രി അബ്​ദുറഹിമാൻ പറഞ്ഞു.

സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്ക് ഭാവിയില്‍ സ്വന്തം നിലയില്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്യുന്നത്.

ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ കോളജുകളെ വഴിയൊരുക്കും. കോളജ് ലീഗില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് പ്രഫഷനല്‍ ലീഗിലേക്കും വഴിയൊരുങ്ങും. സ്​പോർട്​സ്​ എൻജിനീയറിങ്​, സ്​പോർട്സ് മെഡിസിൻ, സ്​പോർട്സ് മാനേജ്മെന്റ് മേഖലകളിൽ ഉണർവും വളർച്ചയും ഇതുവഴി കൈവരിക്കാനാകുമെന്നും മന്ത്രിമാർ പറഞ്ഞു. ലീഗിന്‍റെ ലോഗോ പ്രകാശനം മന്ത്രിമാർ ചേർന്ന്​ നിർവഹിച്ചു.

നടത്തിപ്പ്​ നാല്​ മേഖലകളാക്കി

കോളജ്​ സ്​പോർട്​സ്​ ലീഗ്​ നടത്തിപ്പ് ജില്ലകളെ​ നാല്​ മേഖലകളായി തിരിച്ച്​. മേഖല ഒന്നിൽ കാസർകോട്​, കണ്ണൂർ, വയനാട്​, കോഴിക്കോട്​ ജില്ലകളും രണ്ടിൽ പാലക്കാട്​, തൃശൂർ, മലപ്പുറം ജില്ലകളും മൂന്നിൽ എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളും നാലിൽ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുമാണ്​ ഉൾപ്പെടുക. ഓരോ മേഖലയില്‍ നിന്നും മുന്നിലെത്തുന്ന നാലു ടീം വീതം 16 ടീമുകൾ സംസ്ഥാന ലീഗില്‍ മത്സരിക്കും. സാ​ങ്കേതിക സർവകലാശാല (കെ.ടി.യു), ആരോഗ്യ സർവകലാശാല എന്നിവയിൽ നിന്ന്​ രണ്ട്​ ടീമുകൾ വൈൽഡ്​ കാർഡ്​ എൻട്രിയായും എത്തും.

സംസ്ഥാന ലീഗ്​ മത്സരങ്ങൾ നോക്കൗട്ട്​ മാതൃകയിലായിരിക്കും. മുന്നിലെത്തുന്ന നാലു​ ടീമുകൾ സെമിഫൈനലിൽ ഏറ്റുമുട്ടും. പ്രഫഷണല്‍ ലീഗുകളുടെ മാതൃകയില്‍ ‘ഹോം ആന്റ് എവേ’ മത്സരങ്ങളാണ് നടക്കുക. ജില്ലാതല സമിതികളാണ് ടീമുകളെ തെരഞ്ഞെടുക്കുക. മത്സരങ്ങള്‍ നിരീക്ഷിക്കാന്‍ പ്രഫഷനല്‍ ലീഗില്‍ നിന്നുള്ള വിദഗ്ധരും കളിക്കാരും എത്തും.

Tags:    
News Summary - College Sports League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.