കൊച്ചി: ആലുവയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖിനെ രണ്ടു ദിവസം വിശദമായി ചോദ്യം ചെയ്യുമെന്ന് ആലുവ റേഞ്ച് ഡി.ഐ.ജി എ. ശ്രീനിവാസ്. പ്രതിയുടെ പശ്ചാത്തലം വിശദമായി പരിശോധിക്കും. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാവൂ. അസ്ഫാഖ് ബിഹാറിൽനിന്ന് എന്ന് പുറപ്പെട്ടെന്നും ഡൽഹിയിൽ നിന്ന് കേരളത്തിൽ എപ്പോൾ എത്തി എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും ഡി.ഐ.ജി വ്യക്തമാക്കി.
2018ൽ ഇയാൾക്കെതിരെ കേസുണ്ടെന്നാണ് വിവരം. അതുകൊണ്ട് മുൻകാല പശ്ചാത്തലം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിക്കുമെന്നും പ്രതിയുടെ പൗരത്വം സംബന്ധിച്ച് പരിശോധിക്കുമെന്നും ഡി.ഐ.ജി പറഞ്ഞു.
പത്ത് ദിവസത്തേക്കാണ് എറണാകുളം പോക്സോ കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പ്രതി അന്വേഷണവുമായി യാതൊരു തരത്തിലും സഹകരിക്കുന്നില്ലെന്നും ഇയാൾ എത്ര നാളായി കേരളത്തിലുണ്ടെന്നത് ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും പ്രോസിക്യൂഷൻ കോടതിയിയെ അറിയിച്ചിരുന്നു.
അതേസമയം, പ്രതി അസ്ഫാഖിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. അസ്ഫാഖിനെതിരെ ഡൽഹി ഗാസിപൂർ പൊലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. 2018ല്‍ ഗാസിപുര്‍ പൊലീസാണ് അസ്ഫാഖിനെ അറസ്റ്റ് ചെയ്തത്. ഒരുമാസം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.മറ്റ് എവിടെയെങ്കിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് പ്രതി സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പരിശോധനക്കാണ് പൊലീസ് നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.