കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കെ.പി.സി.സി മീഡിയ സെൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് കൺവീനറും എ.കെ ആന്‍റണിയുടെ മകനുമായ അനിൽ കെ. ആന്‍റണി. പരിമിത സംവിധാനത്തിൽ മികച്ച ഏകോപനത്തിലാണ് മീഡിയ സെൽ പ്രവർത്തിച്ചതെന്നും അനിൽ ആന്‍റണി 'മാധ്യമം' ഒാൺലൈനോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ കോൺഗ്രസ് കേരള ഘടകത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ 'ഇന്ത്യൻ നാഷനൽ കോൺഗ്രസ്-കേരള'യുടെ പെർഫോമൻസ് വ്യക്തമാക്കുന്ന വിവരങ്ങളും അനിൽ ആന്‍റണി പുറത്തുവിട്ടു. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ എഫ്.ബി പേജുകളുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പേജ് ബഹുദൂരം മുന്നിലാണ്.
'ഇന്ത്യൻ നാഷനൽ കോൺഗ്രസ്-കേരള' എന്ന ഫേസ്ബുക്ക് പേജിൽ 27 ലക്ഷം (2.7 മില്യൻ) പേർ തെരഞ്ഞെടുപ്പ് കാലത്ത് സന്ദർശിച്ചു. എന്നാൽ, സി.പി.എമ്മിന്‍റെ ഔദ്യോഗിക പേജായ 'സി.പി.ഐ.എം കേരള'യിലെ സന്ദർശകരുടെ എണ്ണം 15 ലക്ഷം (1.5 മില്യൻ) ആണ്. ബി.ജെ.പിയുടെ ഔദ്യോഗിക പേജായ 'ബി.ജെ.പി കേരള'ത്തിൽ 6.41 ലക്ഷം (641.2കെ) പേരും ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക പേജായ 'ആം ആദ്മി പാർട്ടി കേരള'യിൽ 19,100 പേരും (19.1 കെ) ആണ് സന്ദർശിച്ചിട്ടുള്ളത്.
ഇന്ത്യൻ നാഷനൽ കോൺഗ്രസ്-കേരള പേജിൽ 250ൽ അധികം പോസ്റ്റുകളാണ് അവരുടെ മീഡിയ ടീം പങ്കുവെച്ചത്. എന്നാൽ, സി.പി.ഐ.എം കേരളയിൽ 149 പോസ്റ്റുകളും ബി.ജെ.പി കേരളത്തിൽ 88 പോസ്റ്റുകളും ആണ് പങ്കുവെച്ചിട്ടുള്ളത്. ആം ആദ്മി പാർട്ടി കേരളയിൽ എട്ട് പോസ്റ്റുകൾ മാത്രമാണ് ഈ കാലയളവിൽ പങ്കുവെച്ചത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നോടിയായി ശശി തരൂർ എം.പിയുടെ മേൽനോട്ടത്തിലാണ് മീഡിയ സെൽ രൂപീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒരു മാസം മുമ്പ് കോൺഗ്രസ് വാർ റൂമും അനുബന്ധ ഔദ്യോഗിക ഹാൻഡിലുകളും സജീവമാക്കി.
യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി വ്യത്യസ്ത മാർഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സംഘടിപ്പിച്ചു. മീഡിയ സെല്ലിന്‍റെ ഭാഗമായ സംഘാംഗങ്ങളും പ്രവർത്തകരും അസാമാന്യ മികവാണ് പ്രകടിപ്പിച്ചത്. ഭാവിയിലും നൂതന മാർഗങ്ങളിലൂടെ മീഡിയ സെല്ലിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്നും അനിൽ ആന്‍റണി വ്യക്തമാക്കി.
'കോൺഗ്രസ് സൈബർ ടീം' എന്ന എഫ്.ബി പേജിന് കോൺഗ്രസിന്‍റെ ഔദ്യോഗിക പേജുകളുമായി യാതൊരു ബന്ധവുമില്ല. സമൂഹ മാധ്യമങ്ങളിലെ നിരവധി കോൺഗ്രസ് അനുകൂല സംഘങ്ങളിൽ ഒന്നുമാത്രമാണിതെന്നും അനിൽ ആന്‍റണി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.