തിരുവനന്തപുരം: നിയമനിർമാണത്തിന് മാത്രമായി തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ കാറും കോളും നിറയുമെന്നുറപ്പ്. സർക്കാറുമായി പോരടിച്ചുനിൽക്കുന്ന ഗവർണർ, സഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടുമോ എന്ന ആശങ്കയിലാണ് സർക്കാർ. തന്റെ അധികാരങ്ങൾക്കുമേൽ കത്തിവെക്കുന്ന ബില്ലുൾപ്പെടെ നിയമമാകുന്നതിനെതിരെ ഇപ്പോൾതന്നെ ചൊടിച്ചുനിൽക്കുകയാണ് ഗവർണർ. ബില്ലുകൾ അംഗീകാരത്തിനായി എത്തിക്കേണ്ടത് ഗവർണറുടെ പക്കലാകുമ്പോൾ സഭാസമ്മേളന കാലാവധിയിൽ ശ്രദ്ധാകേന്ദ്രമാകുന്നത് രാജ്ഭവനാകും.
ബന്ധുനിയമനങ്ങൾ ഉൾപ്പെടെ സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങൾ തിളപ്പിക്കാൻ പ്രതിപക്ഷവും തയാറെടുത്തതോടെ ചുരുങ്ങിയ സഭാസമ്മേളനകാലം ശ്രദ്ധേയമാകുമെന്നത് ഉറപ്പാണ്. ലോകായുക്തയുടെ പല്ലും നഖവും അരിഞ്ഞെടുക്കുന്ന ലോകായുക്ത ഭേദഗതി ബിൽ സഭയെ ഏറെ പ്രക്ഷുബ്ധമാക്കും. 24നാണ് ലോകായുക്ത ഭേദഗതി ബിൽ സഭ പരിഗണിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകനുനേരെ കാപ്പ ചുമത്താനുള്ള നീക്കവും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരവും പ്രതിപക്ഷം ആയുധമാക്കും.
അതേസമയം രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസുകാർ അറസ്റ്റിലായത് ചൂണ്ടിക്കാട്ടി ഭരണപക്ഷവും പ്രതിരോധവുമായി രംഗത്തുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.